ഉമ്മൻ ചാണ്ടിയുടെ സ്മാരകം ; കോൺഗ്രസിൽ അതൃപ്തിക്കിടെ ഫൗണ്ടേഷൻ രം​ഗത്ത്

കോട്ടയം: വിഡി സതീശൻ സർക്കാരിന്റെ കന്നി ബജറ്റിൽ കോൺഗ്രസിന്റെ സമുന്നത നേതാവും മുൻ മുഖ്യമന്ത്രിയുമായിരുന്ന ഉമ്മൻ ചാണ്ടിക്ക് സ്മാരകമൊന്നും പ്രഖ്യാപിക്കാത്തതിൽ പാർട്ടി അണികൾക്കിടയിലും നേതാക്കൾക്കിടയിലും കടുത്ത നിരാശയും അതൃപ്തിയും പുകയുന്നു. എന്നാൽ, ഔദ്യോഗികമായി സ്മാരക പ്രഖ്യാപനമൊന്നുമുണ്ടായില്ലെങ്കിലും തന്റെ പിതാവിന്റെ പൈതൃകം ജനഹൃദയങ്ങളിൽ നിലനിർത്താൻ മകനും എംഎഎൽഎയുമായ ചാണ്ടി ഉമ്മൻ ഉറച്ചുതീരുമാനിച്ചിരിക്കുകയാണ്. ഇതിന്റെ ഭാഗമായി ‘ഉമ്മൻ ചാണ്ടി ഫൗണ്ടേഷൻ’ അദ്ദേഹത്തിന്റെ പേരിൽ ഒരു സ്മാരകം നിര്‍മിക്കാനാണ് പദ്ധതി.

“ഉമ്മൻ ചാണ്ടിയെപ്പോലൊരു ജനപ്രിയ നേതാവ് എക്കാലവും ജനങ്ങളുടെ ഹൃദയങ്ങളിലാണ് ജീവിക്കുന്നത്. അതുകൊണ്ട് തന്നെ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ അദ്ദേഹത്തിനായി തികച്ചും അനുയോജ്യമായൊരു ‘ജീവിക്കുന്ന സ്മാരകം’ ഞങ്ങൾ നിർമ്മിക്കും,” ചാണ്ടി ഉമ്മൻ ദി ന്യൂ ഇന്ത്യൻ എക്സ്പ്രസിനോട് (TNIE) പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് ഒരു പദ്ധതിയുമായി സർക്കാർ മുന്നോട്ടുവന്നാലും ഇല്ലെങ്കിലും, അന്തരിച്ച നേതാവിന് ഉചിതമായ ആദരവ് നൽകാൻ കുടുംബവും ഉമ്മൻ ചാണ്ടി ഫൗണ്ടേഷനും നേരിട്ട് മുന്നിട്ടിറങ്ങാൻ തയ്യാറാണെന്നാണ് അദ്ദേഹത്തിന്റെ വാക്കുകൾ സൂചിപ്പിക്കുന്നത്. ബജറ്റിൽ ഉമ്മൻ ചാണ്ടിക്കായി യാതൊരുവിധ നിർദ്ദേശങ്ങളും വരാത്തതിൽ കോൺഗ്രസ് നേതൃത്വത്തിലെയും അണികളിലെയും ഒരു വിഭാഗത്തിന് കടുത്ത അതൃപ്തി നിലനിൽക്കുന്നതിനിടയിലാണ് ചാണ്ടി ഉമ്മന്റെ ഈ നിലപാട് പ്രഖ്യാപനം എന്നത് ശ്രദ്ധേയമാണ്.

Leave a Reply

Your email address will not be published. Required fields are marked *