ശബരിമലയിൽ തീർത്ഥാടക തിരക്ക് നിയന്ത്രിക്കാൻ എ.ഐ ക്യാമറകളും ഡ്രോണുകളും

കൊച്ചി: ശബരിമലയിൽ തീർഥാടകരുടെ തിരക്ക് നിയന്ത്രിക്കാനായി എ.ഐ. ഉപയോഗപ്പെടുത്തും. നിർമിതബുദ്ധി ഉപയോഗിക്കുന്ന ക്യാമറകളും ഡ്രോണുകളും ഉൾപ്പടെയുള്ള സംവിധാനങ്ങൾ ഇതിനായി ഉപയോ​ഗിക്കും. ഇത്തരം എ.ഐ. ആപ്പുകളുടെ പ്രവർത്തനത്തെ കുറിച്ച് കൊച്ചിയിൽ ചേർന്ന എ.ഐ. കോൺക്ലേവ് വിലയിരുത്തി. താത്പര്യപത്രം ക്ഷണിച്ച് ഓഗസ്റ്റ് 15-നകം കരാർ നൽകി 100 ദിവസത്തിനകം നടപ്പാക്കാനാണ് ശ്രമമെന്ന് പരിപാടിയിൽ അധ്യക്ഷത വഹിച്ച തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാർ പറഞ്ഞു.

തിരക്ക് നിയന്ത്രിക്കുന്നത് കൂടാതെ കൂട്ടം തെറ്റുന്നവരെ കണ്ടെത്താനും സുരക്ഷയ്ക്കുമെല്ലാം എ.ഐ ഉപയോഗിക്കാനാകും. എ.ഐ ക്യാമറകൾ ശബരിമലയുടെ ഭൂപരമായ പ്രത്യേകതകൾ കൂടി കണക്കിലെടുക്കേണ്ടതുണ്ട്. തീർത്ഥാടക തിരക്ക് നിയന്ത്രിക്കുന്നതിന് എ.ഐ വിദഗ്ധർ വിവിധ വകുപ്പ് ഉദ്യോഗസ്ഥർക്ക് പ്രത്യേക പരിശീലനം നൽകും. സന്നിധാനത്തേക്കുള്ള വഴിയിൽ പമ്പയിലും നിലയ്ക്കലിലുമെല്ലാം തിരക്ക് നിയന്ത്രിച്ചാൽ ക്യൂവിലെ അഞ്ചു മണിക്കൂറിലേറെ നീളുന്ന കാത്തുനിൽപ്പ് ഒഴിവാക്കാനാകും.

മൂന്ന് ആപ്പുകളുടെ നിർമാതാക്കൾ ശില്പശാലയിൽ ഇവയുടെ പ്രവർത്തനം വിശദീകരിച്ചു. പ്രയാഗ്‌രാജിലെ കുംഭമേളയിൽ ഉപയോഗിച്ച എ.ഐ. ആപ്പ് കമ്പനിയുടെ പ്രതിനിധികളും ഇതിൽപ്പെടും. നേരത്തേ ആഗോള അയ്യപ്പസംഗമത്തിൽ ശബരിമലയിലെ തിരക്ക് നിയന്ത്രിക്കാൻ എ.ഐ. സാങ്കേതികവിദ്യയുടെ സഹായം തേടണമെന്ന നിർദേശം ഉയർന്നിരുന്നു. എന്നാൽ ഇപ്പോഴത്തെ കാര്യം അയ്യപ്പസംഗമവുമായി കൂട്ടിക്കുഴക്കേണ്ടെന്ന് കെ. ജയകുമാർ പറഞ്ഞു. ശബരിമല സ്വർണക്കൊള്ള വിഷയത്തിൽ എസ്.ഐ.ടി.യുടെ അന്വേഷണം നടക്കട്ടെയെന്നും തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻറ് കെ. ജയകുമാർ പ്രതികരിച്ചു. താൻ അതിൽ ഒന്നും പറയേണ്ട കാര്യമില്ല. അന്വേഷണം അന്വേഷണത്തിന്റെ വഴിയേ നടക്കട്ടെ. സഹകരിക്കുക എന്നല്ലാതെ മറ്റൊന്നും ചെയ്യാനില്ല-കെ. ജയകുമാർ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *