കണ്ണൂര്‍ സര്‍വകലാശാലയില്‍ ; RSS അനുകൂലിയുടെ നിയമനം ചട്ടങ്ങള്‍ മറികടന്നെന്ന് ആരോപണം

കണ്ണൂര്‍: കണ്ണൂര്‍ സര്‍വകലാശാലയില്‍ വിസി ചട്ട വിരുദ്ധമായ നിയമനം നടത്തിയെന്ന് ആരോപണം. ആര്‍എസ്എസ് അനുകൂലിയെ MMTTCഡയറക്ടറാക്കിയെന്നാണ് പരാതി. ഡോ എ പ്രവീണിനാണ് നിയമങ്ങള്‍ മറികടന്ന് മാളവ്യ മിഷന്‍ ടീച്ചര്‍ ട്രെയിനിങിന്റെ ചുമതല നല്‍കിയത്. NEP ട്രെയിനിങ്ങില്‍ ഉള്‍പ്പെടെ കാവിവത്കരണം ലക്ഷ്യമിട്ടാണ് വി സി കെ കെ സാജുവിന്റെ നീക്കമെന്നാണ് ആരോപണം. വിദ്യാര്‍ഥിനിയോട് ലൈംഗിക ഉദ്ദേശത്തോടെ അപമര്യാദയായി പെരുമാറിയത് ഉള്‍പ്പെടെ പ്രവീണിന് എതിരെ പോണ്ടിച്ചേരി സര്‍വകലാശാലയില്‍ ഗുരുതരമായ പരാതികളുണ്ടെന്നും ചൂണ്ടിക്കാട്ടുന്നുണ്ട്.

ഗുരുതരമായ ചട്ട വിരുദ്ധമായ നീക്കമാണ് കണ്ണൂര്‍ വി സിയുടെ ഭാഗത്ത് നിന്നുണ്ടായതെന്നാണ് ആരോപണം. യുജിസി മാര്‍ഗനിര്‍ദേശ പ്രകാരം എംഎംടിടിസി കേന്ദ്രങ്ങളുടെ ഡയറക്ടറാക്കേണ്ടത് സര്‍വകലാശാല പഠനവകുപ്പിലെ പ്രൊഫസര്‍ റാങ്കിലുള്ള സീനിയര്‍ അധ്യാപകനെയാണ്. പോണ്ടിച്ചേരിയില്‍ നിന്നും ഡെപ്യൂട്ടേഷനിലാണ് പ്രവീണ്‍ ഇപ്പോള്‍ ജോലി ചെയ്യുന്നത്. ഇദ്ദേഹത്തിന്റെ കാലാവധി ഒരു വര്‍ഷമാണ്. മൂന്ന് വര്‍ഷമാണ് എംഎംടിടിസി ഡയറക്ടറായിട്ടുള്ളവര്‍ക്ക് കാലാവധി നിശ്ചയിച്ചിരിക്കുന്നത്. ആ സ്ഥാനത്തേക്കാണ് ഒരു വര്‍ഷം ഡെപ്യൂട്ടേഷനില്‍ സര്‍വകലാശാലയിലേക്ക് എത്തിയ പ്രവീണിനെ നിയമിച്ചിരിക്കുന്നത്. ഇത് ആര്‍എസ്എസ് അനുകൂലിയായ അധ്യാപകനാണെന്ന പരാതിയും ഉയര്‍ന്ന് വന്നിട്ടുണ്ട്. ഡെപ്യൂട്ടേഷനില്‍ ഫിസിക്കല്‍ എഡ്യൂക്കേഷന്‍ ഡയറക്ടറായിട്ടാണ് പ്രവീണിന്റെ നിയമനം. എന്‍ഇപി ട്രെയിനിങ്ങില്‍ ഉള്‍പ്പെടെ കാവിവത്കരണം എന്നാണ് പരാതികള്‍ ഉയരുന്നത്.

വിദ്യാര്‍ഥി – അധ്യാപക സംഘടനകളുടെ എതിര്‍പ്പിനെ അവഗണിച്ചാണ് നിയമനം നടന്നിരിക്കുന്നത്. സര്‍വകലാശാലയിലെ അധ്യാപകര്‍ക്ക് ട്രെയിനിങ്ങ് നല്‍കുന്ന കേന്ദ്രത്തിന്റെ ഡയറക്ടറായിട്ടാണ് പ്രവീണിനെ നിയമിച്ചിരിക്കുന്നത്. കേവലം ഒരു വര്‍ഷം മാത്രം ഡെപ്യൂട്ടേഷനിലെത്തിയ അധ്യാപകനെയാണ് മൂന്ന് വര്‍ഷം കാലാവധിയുടെ പദവിയില്‍ നിയമിച്ചിരിക്കുന്നത്.

പോണ്ടിച്ചേരി സര്‍വകലാശാലയില്‍ തുടരാന്‍ കഴിയാത്ത സാഹചര്യത്തിലാണ് ഡെപ്യൂട്ടേഷനില്‍ ഡോ എ പ്രവീണ്‍ കണ്ണൂര്‍ സര്‍വകലാശാലയില്‍ എത്തിയതെന്ന് എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി എസ് സഞ്ജീവ് റിപ്പോര്‍ട്ടര്‍ ടിവിയോട് പ്രതികരിച്ചു. കണ്ണൂര്‍ സര്‍വകലാശാലയിലെ സ്‌പോട്‌സ് വിഭാഗത്തിലേക്ക് താത്കാലികമായാണ് പ്രവീണിനെ കൊണ്ടുവരുന്നത്. പുതിയ സര്‍ക്കാര്‍ വന്നതിന് പിന്നാലെ വിസിയുടെ പ്രത്യേക വിവേചന അധികാരം ഉപയോഗിച്ച് സുപ്രധാന ചുമതലകളിലേക്ക് നിയമിക്കുകയായിരുന്നു. ഗവര്‍ണര്‍ വിളിച്ച വിസിമാരുടെ യോഗത്തില്‍ രജിസ്റ്റാര്‍ക്കും മറ്റ് ഉന്നത ഉദ്യോഗസ്ഥര്‍ക്കും പകരമായി പ്രവീണിനെയാണ് വിസി ഒപ്പം കൂട്ടിയത്. സംഘപരിവാര്‍ അനുകൂലികളായ അധ്യാപകരെ ഉന്നത പദവികളില്‍ കുത്തിനിറച്ച് സര്‍വകലാശാലകളില്‍ ആധിപത്യം ഉറപ്പിക്കാനുള്ള ഉദ്ദേശമാണ് വിസി നടത്തുന്നതെന്നും സഞ്ജീവ് പ്രതികരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *