വാൻകൂവർ: ഗ്രൂപ് ജിയിൽ ന്യൂസിലൻഡിനെ തോല്പിച്ച് ഈജിപ്ത്. ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കായിരുന്നു ഈജിപ്തിന്റെ വിജയം. ബെൽജിയം ഇന്നലെ സമനിലയിൽ കുരുങ്ങിയതോടെ ഗ്രൂപ്പ് ജിയിൽ ഒന്നാമതാണ് ഇപ്പോൾ ഈജിപ്ത്. ലോകകപ്പിലെ തങ്ങളുടെ ആദ്യ വിജയം കൂടിയായിരുന്നു ഇന്ന് സലയും സംഘവും നേടിയത്.
കളിതുടങ്ങി പതിനഞ്ചാം മിനിറ്റിൽ ഫിൻ സർമാന്റെ ഗോളിലൂടെ ന്യൂസിലാൻഡ് ആയിരുന്നു ലീഡ് നേടിയത്. ആദ്യ പകുതിവരെ തങ്ങളുടെ ലീഡ് നിലനിർത്താൻ സാധിച്ച ന്യൂസിലാൻഡ് അമ്പത്തിയെട്ടാം മിനിറ്റിലാണ് ഗോൾ വഴങ്ങുന്നത്. അമ്പത്തിയെട്ടാം മിനിറ്റിൽ മുസ്തഫ സീക്കോ ഈജിപ്‌തിനായി സമനില ഗോൾ നേടി.
അറുപത്തിയേഴാം മിനിറ്റിൽ ക്യാപ്റ്റൻ മുഹമ്മദ് സലയിലൂടെ ഈജിപ്ത് കളി തിരിച്ചുപിടിച്ചു. വലതുവിങ്ങിൽ നിന്നും പന്തുമായി മുന്നേറിയ സല തന്റെ സ്വതസിദ്ധമായ ഇടതുകാലുകൊണ്ടുള്ള ഷോട്ടിലൂടെ ഗോൾ പോസ്റ്റിന്റെ വലതുമൂലയിലേക്ക് പന്തിനെ എത്തിച്ചു. ട്രേസിഗുവറ്റ് ആണ് ഈജിപ്തിന് വേണ്ടി മൂന്നാം ഗോൾ നേടിയത്.
