USDT നിക്ഷേപ വാഗ്ദാനത്തിൽ 25 ലക്ഷം രൂപ തട്ടിപ്പ്; ഹവാല ബന്ധവും അന്വേഷിക്കണമെന്ന് പരാതി

കൊച്ചി: വിദേശ ഡിജിറ്റൽ നാണയമായ USDT ലഭ്യമാക്കാമെന്ന വാഗ്ദാനത്തിൽ വിശ്വസിപ്പിച്ച് 25 ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി.
എറണാകുളം സ്വദേശികളായ അ​​ഗീഷ് കെ ജി,രാഹുൽ കെ വി, അനൂപ് പി റ്റി, എന്നിവരാണ് പോലീസിൽ പരാതി നൽകിയത്. സംഭവത്തിന് പിന്നിൽ ഹവാല ഇടപാടുകൾ ഉൾപ്പെടെയുള്ള വലിയ സാമ്പത്തിക കുറ്റകൃത്യ സംഘം പ്രവർത്തിക്കുന്നുണ്ടോയെന്ന സംശയവും പരാതിക്കാർ ഉന്നയിച്ചിട്ടുണ്ട്.

പരാതിക്കാരുടെ മൊഴിപ്രകാരം, സുഹൃത്തുക്കൾ മുഖേന പരിചയപ്പെട്ട രതീഷ് എന്നയാളാണ് പുതിയ ബിസിനസ് ആശയത്തെക്കുറിച്ച് ആദ്യം സംസാരിച്ചത്. ഫോൺ കോൺഫറൻസ് കോളിലൂടെ USDT എന്ന വിദേശ ഡിജിറ്റൽ നാണയത്തെയും ട്രേഡിങ്ങിനെയും കുറിച്ച് വിശദീകരിച്ച ഇയാൾ, തന്റെ കൈവശമുള്ള വാലറ്റിൽ USDT ഉണ്ടെന്നും 25 ലക്ഷം രൂപ നൽകിയാൽ അത് കൈമാറാമെന്നും അറിയിച്ചുവെന്നാണ് ആരോപണം.

മൊബൈൽ ആപ്ലിക്കേഷൻ വഴി വാലറ്റിന്റെ ദൃശ്യങ്ങൾ കാണിച്ചാണ് വിശ്വാസം നേടിയതെന്നും തുടർന്ന് പരാതിക്കാരും അവരുടെ സുഹൃത്തുക്കളും ചേർന്ന് നിക്ഷേപിക്കാൻ തീരുമാനിച്ചതായും പരാതിയിൽ പറയുന്നു.

2026 ജൂൺ 11-ന് വൈകിട്ട് 5.30നും 6.30നും ഇടയിൽ കുസാറ്റ് ജംഗ്ഷനിലെ ഒരു ചായക്കടയുടെ മുന്നിൽ നിർത്തിയിട്ടിരുന്ന കാറിലിരുന്ന് ഇടപാട് നടന്നതായും പരാതിക്കാർ പറയുന്നു. രതീഷിന്റെ നിർദേശപ്രകാരം എത്തിയ റമീസ് എന്നയാൾക്ക് 500 രൂപയുടെ 50 കെട്ടുകളായി ആകെ 25 ലക്ഷം രൂപ എണ്ണി ബാഗിൽ കൈമാറിയെന്നാണ് പരാതിയിൽ വ്യക്തമാക്കുന്നത്. പണം വാങ്ങിയ ശേഷം അരമണിക്കൂറിനുള്ളിൽ USDT വാലറ്റ് ക്രെഡിറ്റ് ചെയ്യുമെന്ന് ഉറപ്പ് നൽകിയിരുന്നുവെങ്കിലും മണിക്കൂറുകൾ കഴിഞ്ഞിട്ടും പണം നൽകിയവർക്കോ ഡിജിറ്റൽ നാണയമോ ലഭിച്ചില്ലെന്നാണ് ആരോപണം.

തുടർന്ന് രതീഷിനെയും ഷറഫുദീൻ എന്ന മറ്റൊരാളെയും നിരന്തരം ബന്ധപ്പെട്ട് പണം തിരികെ ആവശ്യപ്പെട്ടെങ്കിലും പല കാരണങ്ങൾ പറഞ്ഞ് ഒഴിഞ്ഞുമാറുകയും തെറ്റായ ഉറപ്പുകൾ നൽകുകയും ചെയ്തുവെന്നാണ് പരാതിക്കാർ പറയുന്നത്. ഇതോടെയാണ് മുൻകൂട്ടി ആസൂത്രണം ചെയ്ത തട്ടിപ്പിന് ഇരയായെന്ന ബോധ്യത്തിലെത്തിയതെന്നും അവർ വ്യക്തമാക്കുന്നു.

പ്രതികളുടെ നടപടി ഭാരതീയ ന്യായ സംഹിത (BNS), 2023 പ്രകാരമുള്ള വഞ്ചന, വിശ്വാസവഞ്ചന, ഗൂഢാലോചന തുടങ്ങിയ കുറ്റകൃത്യങ്ങളുടെ പരിധിയിൽ വരുന്നതാണെന്ന് പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. പ്രതികൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്ത് വിശദമായ അന്വേഷണം നടത്തണമെന്നും തട്ടിയെടുത്ത തുക വീണ്ടെടുക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്നും പരാതിക്കാർ ആവശ്യപ്പെട്ടു.

USDT വാലറ്റിന്റെ സ്ക്രീൻഷോട്ടുകൾ, ബാങ്കിൽ നിന്ന് പണം പിൻവലിച്ചതിന്റെ രേഖകൾ, വോയ്സ് കോളുകൾ, ചാറ്റ് സന്ദേശങ്ങൾ എന്നിവ ഉൾപ്പെടെയുള്ള തെളിവുകൾ കൈവശമുണ്ടെന്നും അന്വേഷണ വേളയിൽ അവ ഹാജരാക്കുമെന്നും പരാതിക്കാർ വ്യക്തമാക്കി.

USDT ഇടപാടുകളുടെ മറവിൽ ഹവാല പോലുള്ള ഗുരുതര സാമ്പത്തിക കുറ്റകൃത്യങ്ങൾ നടത്തുന്ന സംഘമാണോ ഇതിന് പിന്നിലെന്ന കാര്യവും അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ബന്ധപ്പെട്ട അധികാരികൾക്ക് പരാതി നൽകിയിരിക്കുകയാണ്. 25 ലക്ഷം രൂപ നഷ്ടപ്പെട്ട സാഹചര്യത്തിൽ പ്രതികൾക്കെതിരെ നിയമനടപടി സ്വീകരിച്ച് തങ്ങൾക്ക് നീതി ഉറപ്പാക്കണമെന്നും നഷ്ടപ്പെട്ട തുക തിരികെ ലഭ്യമാക്കണമെന്നും പരാതിക്കാർ ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *