പാലക്കാട്: സംസ്ഥാനത്തെ പ്രധാന കള്ളുത്പാദനമേഖലയായ പാലക്കാട്ടെ ചിറ്റൂരിൽ കള്ളിന് ക്ഷാമം. രണ്ടുലിറ്റർവരെ കള്ള് ലഭിച്ചിരുന്ന തെങ്ങുകളിൽ ഉത്പാദനം അരലിറ്റർപോലും ഇല്ലാതായി. ദിനംപ്രതി 45 ലിറ്റർവരെ കള്ള് അളന്നിരുന്ന ചെത്തുതൊഴിലാളികൾക്ക് 20 ലിറ്റർപോലും അളക്കാനില്ലാത്ത സ്ഥിതിയാണ്.
പ്രതിദിനം രണ്ടരലക്ഷം ലിറ്റർ കള്ളാണ് ഇവിടെനിന്ന് വിവിധ ജില്ലകളിലേക്ക് കൊണ്ടുപോയിരുന്നത്. തിരുവനന്തപുരവും കണ്ണൂരും ഒഴികെ 12 ജില്ലകളിലെ ഷാപ്പുകൾ ചിറ്റൂരിൽനിന്നുള്ള കള്ളിനെയാണ് പ്രധാനമായി ആശ്രയിക്കുന്നത്. ഉത്പാദനം ഒരുലക്ഷം ലിറ്ററിലും താഴേക്കെത്തിയതായി കർഷകർ പറയുന്നു. ഇതോടെ ജില്ലകളിലേക്ക് കൊണ്ടുപോകുന്ന കള്ളിന്റെ അളവും കുറഞ്ഞു.
മഴ കുറഞ്ഞതോടെ 1100 തോപ്പുകളിൽ 80 ശതമാനത്തിലും ജലസേചനവും മഴക്കാലപരിചരണവും പ്രതിസന്ധിയിലായതാണ് ഉത്പാദനം കുറയാനുള്ള പ്രധാന കാരണം. ജലക്ഷാമംമൂലം തെങ്ങുകളിൽ പുതിയ കുലകളുണ്ടാകാത്തതും സാരമായി ബാധിച്ചു.ആവശ്യത്തിന് കള്ളെത്താത്തത് ഷാപ്പുകളുടെ പ്രവർത്തനത്തെ ബാധിച്ചതായി വിൽപ്പനക്കാരും പറയുന്നു. ലഭ്യമായ കള്ള് രാവിലെ ഒൻപതിനുമുൻപുതന്നെ വിറ്റുതീരുന്ന സ്ഥിതിയാണ്. എക്സൈസ് വകുപ്പ് നൽകിയിട്ടുള്ള അന്തർജില്ലാ പെർമിറ്റ് അനുസരിച്ച് ഒരു ഷാപ്പ് പ്രവർത്തിപ്പിക്കാൻ കുറഞ്ഞത് 50 തെങ്ങുകളെങ്കിലും ചെത്തണം. എന്നാൽ, കുഴൽക്കിണർ സൗകര്യമുള്ള തോപ്പുകളിൽമാത്രമാണ് പരിമിതമായ തോതിലെങ്കിലും ചെത്താനാവുന്നതെന്ന് കർഷകർ പറയുന്നു. ഉത്പാദനം കുറഞ്ഞത് കൃത്രിമക്കള്ള് നിർമാണസംഘങ്ങൾക്ക് സഹായകരമായി മാറുമെന്ന ആശങ്കയും ഉയരുന്നുണ്ട്.
വരുമാനം കുറഞ്ഞതോടെ ഇതരജില്ലകളിലെ തൊഴിലാളികൾ ഏറെയും ചെത്ത് നിർത്തി മടങ്ങുകയാണ്. കേരളത്തിലെ ചെത്തുതൊഴിലാളിക്ക് ലിറ്ററിന് 33 രൂപയാണ് ലഭിക്കുക. തമിഴ്നാട്ടുകാർക്ക് 20 രൂപയും.മഴക്കുറവ് 80 ശതമാനത്തിലേറെകള്ളുത്പാദിപ്പിക്കുന്ന തെങ്ങിൻതോപ്പുകളുള്ള ചിറ്റൂർ മേഖലയിൽ 80 ശതമാനത്തിലേറെ മഴക്കുറവുണ്ടായി. ജലവിഭവവകുപ്പിനു കീഴിലുള്ള ഇറിഗേഷൻ ഡിസൈൻ ആൻഡ് റിസർച്ച് ബ്യൂറോയുടെ (ഐ.ഡി.ആർ.ബി.) കണക്ക് പ്രകാരം 13.2 ശതമാനം മഴയാണ് ഇത്തവണ ലഭിച്ചത്. സമീപപ്രദേശങ്ങളായ കൊല്ലങ്കോട് (12.7), നെന്മാറ (11.2) എന്നിവിടങ്ങളിലും മഴ വളരെ കുറഞ്ഞു. പാലക്കാട് ജില്ലയിൽ ഇക്കാലയളവിൽ 186.8 ശതമാനം മഴ പ്രതീക്ഷിച്ചിരുന്ന സ്ഥാനത്ത് ലഭിച്ചത് 16.2 ശതമാനംമാത്രമാണ്.
