അല്ലാഹുവിന്റെ നാമത്തില്‍ സത്യപ്രതിജ്ഞ ‘; കണ്ണൂര്‍ കോര്‍പ്പറേഷനിലും വിവാദം; ബിജെപി പരാതി നല്‍കി

കണ്ണൂര്‍: തിരുവനന്തപുരം കോര്‍പ്പറേഷനിലെ സത്യപ്രതിജ്ഞാ വിവാദത്തിന് പിന്നാലെ കണ്ണൂര്‍ കോര്‍പ്പറേഷനിലും സത്യപ്രതിജ്ഞാ വിവാദം. പതിനെട്ടുപേര്‍ അല്ലാഹുവിന്റെ പേരിലാണ് സത്യപ്രതിജ്ഞ ചെയ്തതെന്നാണ് ആരോപണം. ബിജെപി ജില്ലാ ഘടകം കണ്ണൂര്‍ കലക്ടര്‍ക്ക് പരാതി നല്‍കി.

19 പേരുടെ സത്യപ്രതിജ്ഞ റദ്ദ് ചെയ്യണമെന്നാണ് ബിജെപിയുടെ പരാതിയില്‍ പറയുന്നത്. ഇതില്‍ പതിനെട്ട് പേരും അല്ലാഹുവിന്റെ നാമത്തിലാണ് സത്യപ്രതിജ്ഞ ചെയ്തുവെന്നാണ് ബിജെപി ആരോപിക്കുന്നത്.

ഹിന്ദു ദൈവങ്ങളുടെ നാമത്തില്‍ സത്യപ്രതിജ്ഞ ചെയ്ത തിരുവനന്തപുരം കോര്‍പ്പറേഷനിലെ കൗണ്‍സിലര്‍മാരുടെ സത്യപ്രതിജ്ഞ ഹൈക്കോടതി അസാധുവാക്കിയിരുന്നു. എന്നാല്‍ കോടതി വിധിക്കെതിരെ സംഘപരിവാര്‍ സംഘടനകള്‍ രംഗത്ത് എത്തിയിരുന്നു. ദൈവനാമത്തിലോ സഗൗരവമോ സത്യപ്രതിജ്ഞ ചെയ്യണമെന്നാണ് ചട്ടം. ദൈവം എന്ന പദത്തിന്റെ വിപുലീകരണം ചട്ടത്തിലില്ലെന്നും, ഏത് ആചാരം പിന്തുടര്‍ന്നാലും എല്ലാവരും ഒരേ ദൈവത്തെയാണ് കാണുന്നതെന്നും നിരീക്ഷിച്ചാണ് ഹിന്ദു ജനപ്രതിനിധികള്‍ തങ്ങള്‍ വിശ്വസിക്കുന്ന ദൈവങ്ങളുടെ നാമത്തില്‍ സത്യപ്രതിജ്ഞ ചെയ്തതെന്നായിരുന്നു പരിവാര്‍ സംഘടനകളുടെ വിശദീകരണം. എന്നാല്‍ ഇത് നിയമവിരുദ്ധമാണെന്നായിരുന്നു ഹൈക്കോടതി വിധി.

Leave a Reply

Your email address will not be published. Required fields are marked *