കാഫിര്‍ സ്‌ക്രീന്‍ഷോട്ട് വിവാദം: ഉറവിടം സംബന്ധിച്ച നിര്‍ണായക വിവരം എസ്‌ഐടിക്ക്

കോഴിക്കോട്: കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസില്‍ നിര്‍ണായക വിവരം പ്രത്യേക അന്വേഷണ സംഘത്തിന്. സ്‌ക്രീന്‍ഷോട്ടിന്റെ ഉറവിടം സംബന്ധിച്ച നിര്‍ണായക വിവരമാണ് എസ്‌ഐടിക്ക് ലഭിച്ചിരിക്കുന്നത്. കടത്തനാട് സഖാക്കള്‍, ബാവുപ്പാറ സഖാക്കള്‍ എന്നി ഗ്രൂപ്പുകളില്‍ നിന്നാണ് വ്യാജ സ്‌ക്രീന്‍ഷോട്ട് ലഭിച്ചതെന്നാണ് എസ്‌ഐടി പറയുന്നു. ബാവുപ്പാറ സഖാക്കള്‍ എന്ന ഫേസ്ബുക്ക് പേജിലും സ്‌ക്രീന്‍ഷോട്ട് പ്രചരിച്ചു. വടകര സ്‌ക്വാഡ് അഡ്മിന്മാരെ ചോദ്യം ചെയ്തതോടെയാണ് എസ്‌ഐടിക്ക് നിര്‍ണായക വിവരം ലഭിച്ചത്. കൂടുതല്‍ പേരെ ചോദ്യം ചെയ്യാനാണ് എസ്‌ഐടിയുടെ തീരുമാനം. കടത്തനാട് സഖാക്കള്‍, ബാവുപ്പാറ സഖാക്കള്‍ ഗ്രൂപ്പ് അഡ്മിന്മാരെയും ചോദ്യം ചെയ്യും.

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസില്‍ വിവാദ സ്‌ക്രീന്‍ഷോട്ട് ലഭിച്ചത് വടകര സ്‌ക്വാഡ് എന്ന വാട്സ്ആപ്പ് ഗ്രൂപ്പില്‍ നിന്നാണെന്ന് ഡിവൈഎഫ്ഐ നേതാവ് റിബേഷ് രാമകൃഷ്ണന്‍ നേരത്തേ അന്വേഷണ സംഘത്തിന് മുന്‍പാകെ മൊഴി നല്‍കിയിരുന്നു. കേസിലെ മറ്റ് സാക്ഷികളായ മനീഷും അമലും സമാനമായ മൊഴികളാണ് നല്‍കിയിരുന്നത്യ ഈ ഗ്രൂപ്പിന്റെ അഡ്മിനായ ഡിവൈഎഫ്ഐ വടകര ബ്ലോക്ക് കമ്മിറ്റിയംഗം ജിതിന്‍ ഭാസ്‌കറിനെ പ്രത്യേക അന്വേഷണ സംഘം നേരത്തേ ചോദ്യം ചെയ്തിരുന്നു.

റിബേഷ് രാമകൃഷ്ണനിലെത്തിയപ്പോള്‍ അന്വേഷണം പൂര്‍ണമായും നിലച്ചുവെന്ന തരത്തില്‍ ആരോപണം ഉയര്‍ന്നിരുന്നു. റിബേഷാണ് സ്‌ക്രീന്‍ഷോട്ട് ആദ്യം ഷെയര്‍ ചെയ്തതെന്ന് മുമ്പ് പൊലീസ് പറഞ്ഞിരുന്നത്. എന്നാല്‍ എവിടെ നിന്നാണ് റിബേഷിന് ഇത് ലഭിച്ചതെന്ന് മനസിലാക്കാന്‍ കഴിയാത്തതിനാല്‍ കേസ് അവസാനിപ്പിക്കുന്നു എന്ന് പൊലീസ് കോടതിയില്‍ മുമ്പ് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. നിലവില്‍ ഫോറന്‍സിക്ക് റിപ്പോര്‍ട്ടുകള്‍ ഉള്‍പ്പെടെ പൊലീസിന് ലഭിക്കാനുണ്ട്.

2024 ലോക്‌സഭാ തെരഞ്ഞെടുപ്പ് കാലത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥിക്കെതിരെ പ്രചരിച്ചതാണ് കാഫിര്‍ സ്‌ക്രീന്‍ഷോട്ട്. യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ മുഹമ്മദ് കാസിമിനെയാണ് ആദ്യം പൊലീസ് പ്രതി ചേര്‍ത്തിരുന്നത്. ഹൈക്കോടതി ഇടപെടലിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ റിബേഷ് രാമകൃഷ്ണനാണ് ഇത് ആദ്യം പോസ്റ്റ് ചെയ്‌തെന്ന് കണ്ടെത്തി. തുടര്‍ന്ന് അന്വേഷണം മതിയായ രീതിയില്‍ പോയിരുന്നില്ലെങ്കിലും യുഡിഎഫ് സര്‍ക്കാര്‍ അധികാരമേറ്റതിന് പിന്നാലെ കേസന്വേഷണം വീണ്ടും ഊര്‍ജിതമാക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *