റിയാദ്: ആധുനിക സാങ്കേതികവിദ്യയുടെയും ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെയും ഉപയോഗത്തിലൂടെ ജുഡീഷ്യൽ രംഗത്ത് വൻ നേട്ടം കൈവരിച്ച് സൗദി അറേബ്യയിലെ അഡ്മിനിസ്ട്രേറ്റീവ് ജുഡീഷ്യറി ബോഡിയായ ദിവാൻ അൽ-മദാലിം. മുൻവർഷത്തെ അപേക്ഷിച്ച് ജുഡീഷ്യൽ പ്രവർത്തനങ്ങളിൽ 38% വളർച്ചയാണ് രാജ്യം ഈ വർഷം രേഖപ്പെടുത്തിയത്. അഡ്മിനിസ്ട്രേറ്റീവ് നീതിന്യായ വ്യവസ്ഥയുടെ കാര്യക്ഷമത വർധിപ്പിക്കുന്നതിനും ഗുണഭോക്താക്കൾക്ക് വിപുലമായ ഡിജിറ്റൽ സേവനങ്ങൾ ലഭ്യമാക്കുന്നതിനും വേണ്ടിയുള്ള തുടർച്ചയായ ശ്രമങ്ങളുടെ ഫലമായാണ് ഈ നേട്ടം
ദിവാൻ അൽ-മദാലിം പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം വിവിധ കോടതികളിൽ നിന്നായി ആകെ 2,44,200 ജുഡീഷ്യൽ വിധികളും തീരുമാനങ്ങളുമാണ് പുറപ്പെടുവിച്ചത്. ഇത് മുൻവർഷത്തെ അപേക്ഷിച്ച് 67,800 വിധികളുടെ വർധനവ് കാണിക്കുന്നു. ജുഡീഷ്യൽ രംഗത്ത് കൈവരിച്ച വൻ മുന്നേറ്റത്തിന്റെ തെളിവാണ് ഈ കണക്കുകൾ. ഇതിൽ ഏറ്റവും ഉയർന്ന വളർച്ചാ നിരക്ക് രേഖപ്പെടുത്തിയത് സുപ്രീം അഡ്മിനിസ്ട്രേറ്റീവ് കോടതിയിലാണ്. 31,400 വിധികളും തീരുമാനങ്ങളുമാണ് കോടതി ഈ വർഷം പുറപ്പെടുവിച്ചത്. മുൻ വർഷം ഇത് 15,000 മാത്രമായിരുന്നു. അതായത് കോടതിയുടെ പ്രവർത്തനക്ഷമതയിൽ 100 ശതമാനത്തിലധികം വളർച്ചയാണ് ഉണ്ടായത്.ഇതോടൊപ്പം അഡ്മിനിസ്ട്രേറ്റീവ് കോടതികളും അപ്പീൽ കോടതികളും യഥാക്രമം 26%, 42% എന്നിങ്ങനെ വളർച്ച രേഖപ്പെടുത്തി. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉൾപ്പെടെയുള്ള പുത്തൻ സാങ്കേതികവിദ്യകൾ ജുഡീഷ്യൽ സിസ്റ്റത്തിൽ വിജയകരമായി നടപ്പിലാക്കിയതാണ് കോടതി നടപടികൾ വേഗത്തിലാക്കാനും വലിയ രീതിയിലുള്ള ഈ ലക്ഷ്യം കൈവരിക്കാനും സഹായിച്ചതെന്ന് റിപ്പോർട്ടിൽ പറയുന്നു.
