ഷാർജ: ഇന്ന് ഷാർജ ഇന്ത്യൻ സ്‌കൂൾ കോംപ്ലക്‌സിൽ നടക്കാനിരുന്ന അസോസിയേഷൻ ഭരണസമിതി തിരഞ്ഞെടുപ്പ് റദ്ദാക്കി. ഷാർജയിലെ ബന്ധപ്പെട്ട പ്രാദേശിക സർക്കാർ വകുപ്പുകളിൽനിന്ന് ലഭിച്ച നിർദേശങ്ങളുടെ അടിസ്ഥാനത്തിലാണ് തീരുമാനം. യു.എ.ഇ. തലസ്ഥാനമായ അബുദാബിയിലെ ഉന്നതാധികാരികളിൽനിന്ന് ആവശ്യമായ തുടർന്നുള്ള നിർദേശങ്ങൾ ലഭ്യമാകുന്നതുവരെയാണ് ഈ തീരുമാനം കൈക്കൊണ്ടത്.
തിരഞ്ഞെടുപ്പ് സുഗമമായി നടത്തുന്നതിനായുള്ള ഒരുക്കങ്ങൾ പൂർത്തിയായിരുന്നെങ്കിലും യു.എ.ഇ-യിലെ ഔദ്യോഗിക നിയമങ്ങളും ഭരണപരമായ നിർദേശങ്ങളും പാലിക്കാൻ അസോസിയേഷൻ ബാധ്യസ്ഥമാണെന്ന് അസോസിയേഷൻ അറിയിച്ചു. അംഗങ്ങൾക്കുണ്ടായ ബുദ്ധിമുട്ടിൽ അസോസിയേഷൻ മാനേജിങ് കമ്മിറ്റി ഖേദം അറിയിച്ചു. തിരഞ്ഞെടുപ്പിന്റെ പുതുക്കിയ തീയതി ഉൾപ്പെടെയുള്ള വിവരങ്ങൾ പിന്നീട് അറിയിക്കും.
