പിണറായി വിജയൻ്റെ യാത്ര വൈകിയ സംഭവം; ഉദ്യോഗസ്ഥനെതിരെ നടപടി

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ യാത്ര വൈകിയ സംഭവത്തില്‍ ഉദ്യോഗസ്ഥനെതിരെ നടപടി. കേരള ഹൗസിലെ പ്രോട്ടോക്കോള്‍ ഓഫീസര്‍ ആര്‍. ശ്രീകുമാറിനെ സസ്‌പെന്‍ഡ് ചെയ്തു. ശ്രീകുമാറിനെതിരെ നടപടി ഉണ്ടാകുമെന്ന് നേരത്തെ സൂചനകളുണ്ടായിരുന്നു. യാത്ര വൈകാന്‍ കാരണം പ്രോട്ടോക്കോള്‍ വിഭാഗത്തിന്റെ ഏകോപനം ഇല്ലായ്മയാണെന്നും കണ്ടെത്തിയിരുന്നു. ശ്രീകുമാറിനാണ് പ്രതിപക്ഷ നേതാവിന്റെ പ്രോട്ടോക്കോള്‍ ചുമതല ഉണ്ടായിരുന്നത്. വീഴ്ച സംഭവിച്ചുവെന്ന് അഡീഷണല്‍ റസിഡന്റ് കമ്മീഷണറുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.

ശ്രീകുമാറും വിമാനക്കമ്പനി അധികൃതരും തമ്മിലുണ്ടായ ആശയവിനിമയത്തിലെ വീഴ്ചയാണ് യാത്ര മുടങ്ങാന്‍ കാരണമെന്ന് കണ്ടെത്തിയിരുന്നു. ശനിയാഴ്ച ഉച്ചയ്ക്ക് ഡല്‍ഹിയില്‍ നിന്ന് 2.50നുള്ള വിമാനത്തില്‍ കോഴിക്കോട്ടേക്കുള്ള യാത്രയാണ് മുടങ്ങിയത്. പിണറായി വിജയന്‍ വിമാനത്താവളത്തിലെത്തിയെങ്കിലും വിമാനത്തില്‍ കയറാനായിരുന്നില്ല. വിഐപി ലോഞ്ചില്‍ ഇരുന്ന പിണറായി വിജയനെ സ്വീകരിക്കാന്‍ വിമാനക്കമ്പനി അധികൃതര്‍ എത്താതിരുന്നതിനെ തുടര്‍ന്നുള്ള ആശയക്കുഴപ്പമാണ് വിമാനത്തില്‍ കയറാന്‍ കഴിയാതെ പോയതിന്റെ കാരണമെന്നാണ് റിപ്പോര്‍ട്ട്. മണിക്കൂറുകള്‍ വൈകി പിന്നീട് മറ്റൊരു വിമാനത്തിലാണ് പ്രതിപക്ഷ നേതാവ് യാത്ര തിരിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *