തിയറ്ററില്‍ മിസ് ആക്കിയോ ഈ ഹൊറര്‍ കോമഡി? ഒടിടി റിലീസ് പ്രഖ്യാപിച്ചു

മറ്റൊരു മലയാള ചിത്രം കൂടി ആഫ്റ്റര്‍ തിയറ്റര്‍ റിലീസ് ആയി ഒടിടിയിലേക്ക്. ശ്രീനാഥ് ഭാസി, ഫെമിന ജോർജ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സുഭാഷ് ലളിത സുബ്രഹ്മണ്യൻ സംവിധാനം ചെയ്യുന്ന കറക്കം എന്ന ചിത്രമാണ് ഒടിടിയിലേക്ക് എത്തുന്നത്. മെയ് 28 ന് തിയറ്ററുകളില്‍ എത്തിയ ചിത്രമാണിത്. ഒരു മാസത്തിന് ഇപ്പുറമാണ് സ്ട്രീമിംഗ് ആരംഭിക്കുന്നത്. പ്രമുഖ പ്ലാറ്റ്ഫോം ആയ സോണി ലിവിലൂടെയാണ് ചിത്രം എത്തുക. ജൂലൈയില്‍ പ്രദര്‍ശനം ആരംഭിക്കും. തീയതി പ്രഖ്യാപിച്ചിട്ടില്ല. സംഗീതത്തിനും പ്രാധാന്യമുള്ള ഹൊറര്‍ കോമഡി ചിത്രമാണ് ഇത്. മോളിവുഡിലേക്ക് തുടക്കം കുറിച്ച ക്രൗൺ സ്റ്റാർസ് എന്റർടെയ്‌‍ൻമെന്റിന്റെ ബാനറിൽ കിംബർലി ട്രിനിഡെട്, അൻകുഷ് സിംഗ് എന്നിവർ ചേർന്ന് നിർമ്മിച്ച ചിത്രമാണിത്. അഭിറാം രാധാകൃഷ്ണൻ, സിദ്ധാർഥ് ഭരതൻ, ജീൻ പോൾ ലാൽ, പ്രവീൺ ടി ജെ, മണികണ്ഠൻ ആചാരി, ബിജുക്കുട്ടൻ, മിഥൂട്ടി, ഷോൺ റോമി, ലെനാസ് ബിച്ചു, ശാലു റഹിം, വിനീത് തട്ടിൽ, മനോജ് മോസസ്, കെയിൻ സണ്ണി, ശ്രാവൺ, വിഷ്ണു രഘു തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങൾ. നിപിൻ നാരായണൻ, സുഭാഷ് ലളിത സുബ്രഹ്മണ്യൻ, അർജുൻ നാരായണൻ എന്നിവർ ചേർന്ന് തിരക്കഥ സംഭാഷണമെഴുതുന്നു. അൻവർ അലി, വിനായക് ശശികുമാർ, മു രി, ഹരീഷ് മോഹനൻ എന്നിവരുടെ വരികൾക്ക് സാം സി എസ് സംഗീതം പകരുന്നു. ഭയവും തമാശയും ഒരേപോലെ ഒളിപ്പിച്ചുവെച്ചിരിക്കുന്ന മലയാളത്തിലെ ആദ്യത്തെ ഈ മ്യൂസിക്കൽ ഹൊറർ കോമഡി ചിത്രത്തിൻ്റെ ഛായാഗ്രാഹണം ബബ്ലു അജു നിർവ്വഹിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *