ശേഷാദ്രിനാഥിന്റെ നിയമന ശുപാര്‍ശ; ഇടപെടലുമായി കോണ്‍ഗ്രസ് ഹൈക്കമാന്റ്

തിരുവനന്തപുരം: സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായുള്ള എന്‍ ശേഷാദ്രിനാഥിന്റെ നിയമന ശുപാര്‍ശയില്‍ കോണ്‍ഗ്രസ് ഹൈക്കമാന്റിന്റെ ഇടപെടൽ. നിയമനവുമായി ബന്ധപ്പെട്ട പരാതി പരിശോധിക്കും. ശേഷാദ്രിനാഥിന്റെ സംഘപരിവാര്‍ പശ്ചാത്തലമാണ് പരിശോധിക്കുന്നത്. കൂടിയാലോചന നടത്താതെയുള്ള നിയമനത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് അതൃപ്തിയുണ്ട്. നിയമന നീക്കത്തില്‍ രാഹുല്‍ ഗാന്ധി ഇടപെടണമെന്നാവശ്യപ്പെട്ട് കെപിസിസി ജനറല്‍ സെക്രട്ടറി പി. എം നിയാസ് കത്ത് നല്‍കിയിട്ടുണ്ട്. രാഹുല്‍ ഗാന്ധി എംപിയ്ക്കും കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയ്ക്കുമാണ് പരാതി നല്‍കിയത്.

പി. എം നിയാസ് ഇന്ന് ആഭ്യന്തര മന്ത്രിയെ കണ്ടും പരാതിയറിയിച്ചിരുന്നു. മുഖ്യമന്ത്രിയേയും കണ്ട് നിയമനം പുനപരിശോധിക്കണമെന്ന് ആവശ്യപ്പെടും. കെഎം ഷാജിക്ക് കാര്യങ്ങള്‍ ബോധ്യപ്പെട്ടിട്ടില്ലെന്നും ശേഷാദ്രിനാഥിന്റെ സമൂഹമാധ്യമ ഇടപെടല്‍ അന്വേഷിക്കണമെന്നും നിയാസ് ഇന്ന് ആഭ്യന്തര മന്ത്രിയെ കണ്ടതിന് പിന്നാലെ ആവര്‍ത്തിച്ചു. സുപ്രധാന പദവിയിലേക്ക് നിയമിക്കുന്നയാളുടെ സംഘപരിവാര്‍ ബന്ധം 15 വര്‍ഷത്തെ അദ്ദേഹത്തിന്റെ സോഷ്യല്‍മീഡിയ ഇടപെടലുകള്‍ പരിശോധിച്ചാല്‍ മനസ്സിലാകും.

എന്നാലിപ്പോള്‍ അദ്ദേഹത്തിന്റ എല്ലാ സാമൂഹിക മാധ്യമ അക്കൗണ്ടുകളും അപ്രത്യക്ഷമായി. ഒളിക്കാന്‍ ഒന്നും ഇല്ലായെങ്കില്‍ കൈകള്‍ ശുദ്ധമാണെങ്കില്‍ എങ്ങനെയാണ് സാമൂഹിക മാധ്യമ അക്കൗണ്ടുകള്‍ അപ്രത്യക്ഷമായിരിക്കുന്നതെന്ന് നിയാസ് ചോദിച്ചു. അതിനിടെ നിയാസിനെതിരെ കോഴിക്കോട് ഡിസിസി ജനറല്‍ സെക്രട്ടറി ഷാജര്‍ രംഗത്തെത്തി. സ്വാര്‍ത്ഥ താല്‍പര്യത്തിന് മാന്യന്മാരായ ന്യായാധിപരെ സംഘിപാളയത്തിലെത്തിക്കരുതെന്നും ചിലരുടെ സ്വാര്‍ത്ഥതാല്‍പര്യം മൂലമാണ് കോഴിക്കോട് കോര്‍പ്പറേഷനില്‍ കോണ്‍ഗ്രസിന് അര്‍ഹതപ്പെട്ട സ്റ്റാന്റിങ് കമ്മിറ്റി ബിജെപിക്ക് കിട്ടിയതെന്നും ഷാജര്‍ വിമര്‍ശിച്ചു.

Leave a Reply

Your email address will not be published. Required fields are marked *