ലഖ്നൗ: അയോധ്യ രാമക്ഷേത്രത്തിലെ ഭണ്ഡാരക്കൊള്ളയില്‍ പ്രതികളുടെ നിര്‍ണായക മൊഴി. സംഭാവന തട്ടിപ്പില്‍ അറസ്റ്റിലായ എട്ട് പേരില്‍ ഒരാളായ അവിനാഷ് ശുക്ലയുടെ മൊഴിയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ക്ഷേത്രത്തില്‍ നിന്ന് മോഷ്ടിച്ച പണം പുറത്തേക്ക് മാറ്റുന്നതിന് മുന്നോടിയായി ശുചിമുറിയില്‍ താത്കാലികമായി സൂക്ഷിച്ചിരുന്നുവെന്ന് അവിനാഷ് മൊഴി നൽകി. കോടിക്കണക്കിന് രൂപ മോഷ്ടിച്ചതായി പ്രതി സമ്മതിച്ചുവെന്ന് അന്വേഷണ സംഘം പറഞ്ഞു. മൊഴിയില്‍ ക്ഷേത്രം ട്രസ്റ്റി അനില്‍ മിശ്രക്കെതിരെയും പരാമര്‍ശമുണ്ട്. സംഭാവന എണ്ണുന്ന പ്രക്രിയയില്‍ അനില്‍ മിശ്ര പ്രധാന വഹിച്ചിട്ടുണ്ടെന്നാണ് മൊഴി. സംഭാവന എണ്ണുന്ന മുറിയുടെ താക്കോലുകളില്‍ ഒന്ന് കേസില്‍ അറസ്റ്റിലായ രാമശങ്കറിന് ഉപയോഗിക്കാന്‍ കഴിഞ്ഞിരുന്നുവെന്നും മറ്റൊന്ന് ബാങ്കിന്റെ കൈവശമാണെന്നും അവിനാഷ് ശുക്ല പറഞ്ഞു. സംഭാവന തട്ടിപ്പില്‍ ഒന്നിലധികം ആളുകള്‍ പങ്കാളികളാണെന്നും ക്ഷേത്രത്തിലെ സിസിടിവി കാമറകള്‍ അവര്‍ക്ക് പരിചിതമായിരുന്നുവെന്നും ശുചിമുറിയില്‍ സൂക്ഷിച്ച പണം ആര്‍ക്കും സംശയം തോന്നാത്ത വിധം സമയം കിട്ടുന്നതിനനുസരിച്ച് പുറത്തേക്ക് മാറ്റുകയായിരുന്നുവെന്നും ശുക്ല മൊഴി നല്‍കി.
സംഭാവന തട്ടിപ്പില്‍ കുറ്റാരോപിതരായോടെ അനില്‍ മിശ്രയും ട്രസ്റ്റ് ജനറല്‍ സെക്രട്ടറി ചമ്പത് റായിയും രാജിവെച്ചിരുന്നു. രാമശങ്കര്‍ യാദവ് എന്ന ടിന്നു യാദവ്, അനുകല്‍പ് മിശ്ര, ലവ്കുഷ് മിശ്ര, അവിനാഷ് ശുക്ല, മനീഷ് യാദവ്, രാമശങ്കര്‍ മിശ്ര, സുഭാഷ് ചന്ദ്ര ശ്രീവാസ്തവ, കരുണേഷ് പാണ്ഡെ എന്നിവരാണ് കേസിലെ പ്രതികള്‍.എട്ട് പേരും നിലവില്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്. തട്ടിപ്പില്‍ 80 പേര്‍ക്ക് പൊലീസ് നോട്ടീസ് അയച്ചിരുന്നു. ട്രസ്റ്റില്‍ നിന്ന് രാജിവെച്ച അനില്‍ മിശ്ര, ട്രസ്റ്റ് അംഗം ഗോപാല്‍ റാവു തുടങ്ങിയവര്‍ക്കാണ് നോട്ടീസ് അയച്ചത്.
