അയോധ്യ സംഭാവന കൊള്ള; അന്വേഷണത്തിന് ഇഡി

ന്യൂഡൽഹി: അയോധ്യ രാമക്ഷേത്രത്തിലെ സംഭാവന കൊള്ള എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷിക്കും. അഞ്ച് വർഷത്തെ ഓഡിറ്റ് റിപ്പോർട്ട് ഉൾപ്പെടെ പരിശോധിക്കും. എഫ്ഐറിന്റെ അടിസ്ഥാനത്തിലാകും പരിശോധന നടത്തുക. അയോധ്യ രാമക്ഷേത്രത്തിലെ സംഭാവന കൊള്ളയിലെ പ്രധാന പ്രതിയായ അവനാശ് ശുക്ളയെ ചോദ്യം ചെയ്തതിൽ നിന്നാണ് നിർണായക വിവരങ്ങൾ പുറത്ത് വന്നത്. കോടതിയുടെ പ്രത്യേക അനുമതിയോടെ പ്രതിയായ അവിനാഷ് ശുക്ലയെ ചൊവ്വാഴ്ച പോലീസ് രണ്ട് മണിക്കൂറോളം വിശദമായി ചോദ്യം ചെയ്തപ്പോഴാണ് കോടിക്കണക്കിന് രൂപയുടെ മോഷണം നടത്തിയതിന്റെ ചുരുളഴിഞ്ഞത്.

കാണിക്കപ്പണം എണ്ണുന്ന മുറിയിലെ സിസിടിവി ക്യാമറകളുടെ സ്ഥാനം തങ്ങൾക്ക് കൃത്യമായി അറിയാമായിരുന്നെന്നും അവയുടെ പരിധിയിൽ വരാത്ത ബ്ലൈൻഡ് സ്പോട്ടുകൾ മുതലെടുത്താണ് പണം അപഹരിച്ചതെന്നും പ്രതി സമ്മതിച്ചു. മോഷ്ടിച്ച പണം ആരുടെയും ശ്രദ്ധയിൽപ്പെടാത്ത വിധം താൽക്കാലികമായി ശുചിമുറികളിൽ ഒളിപ്പിച്ചു വെക്കുകയും പിന്നീട് അവസരം ലഭിക്കുന്നതിനനുസരിച്ച് സുരക്ഷിതമായി പുറത്തേക്ക് കടത്തുകയുമായിരുന്നു ഇവരുടെ രീതി.സംഘത്തിലെ ഒരാൾ പണം മോഷ്ടിക്കുമ്പോൾ മറ്റുള്ളവർ അയാൾക്ക് ചുറ്റും ഒരു സുരക്ഷാ വലയം തീർത്ത് ക്യാമറകളുടെയും മറ്റുള്ളവരുടെയും നോട്ടത്തിൽ നിന്നും മറച്ചുപിടിക്കുകയായിരുന്നു ചെയ്തിരുന്നത്.

ക്ഷേത്ര സമുച്ചയത്തിനുള്ളിലെ ക്യാമറകൾ ഒരു കൺട്രോൾ റൂം വഴി നിരീക്ഷിക്കുന്നുണ്ടായിരുന്നെങ്കിലും, സുരക്ഷാ ജീവനക്കാർ ഇവരുടെ ചലനങ്ങൾ സൂക്ഷ്മമായി നിരീക്ഷിക്കാതിരുന്നതും പ്രതികൾക്ക് സഹായകരമായി. കൂടാതെ ക്ഷേത്ര ട്രസ്റ്റുമായി അടുത്ത ബന്ധമുള്ളവരായതിനാൽ ആരും തങ്ങളെ സംശയിച്ചിരുന്നില്ലെന്നും ചോദ്യം ചെയ്യലിൽ പ്രതി വെളിപ്പെടുത്തി. ഈ രീതിയിൽ മോഷ്ടിച്ചെടുത്ത പണം ഉപയോഗിച്ച് പ്രതികൾ ഭൂമിയും വീടും വാങ്ങിയതായി കണ്ടെത്തിയിട്ടുണ്ട്. നിലവിൽ പോലീസ് ഇവരുടെ സാമ്പത്തിക ഇടപാടുകളും ബാങ്ക് അക്കൗണ്ടുകളും കേന്ദ്രീകരിച്ച് അന്വേഷണം ഊർജ്ജിതമാക്കിയിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *