അമ്മയിൽ പ്രതിസന്ധി; ശ്വേതാ മേനോന്‍ അടക്കമുള്ളവർ ഔദ്യോഗികമായി രാജി സമര്‍പ്പിച്ചില്ല

കൊച്ചി: മലയാള താരസംഘടന അമ്മയില്‍ വീണ്ടും പ്രതിസന്ധി. ശ്വേതാ മേനോന്‍ അടക്കമുള്ള ഭരണസമിതി അംഗങ്ങള്‍ ഔദ്യോഗികമായി രാജി സമര്‍പ്പിക്കാത്തതാണ് പുതിയ പ്രതിസന്ധിക്ക് കാരണം. ഇതോടെ സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കാന്‍ രൂപീകരിച്ച അഡ്‌ഹോക്ക് കമ്മിറ്റിയുടെ നിയമസാധുതയെക്കുറിച്ചും ചര്‍ച്ച ഉയരുകയാണ്. ജൂൺ 21-ന് നടന്ന ജനറൽ ബോഡി യോഗത്തിലുണ്ടായ രൂക്ഷമായ തർക്കങ്ങൾക്കൊടുവിലാണ് ശ്വേത മേനോൻ താൻ പദവി ഒഴിയുകയാണെന്ന് പ്രഖ്യാപിച്ചത്. ഭരണസമിതിയിലെ 17 പേരും രാജിവെയ്ക്കുമെന്ന് പറഞ്ഞിരുന്നു.

എന്നാൽ ഇത് വൈകാരികമായ പ്രതികരണം മാത്രമായിരുന്നെന്നും, സംഘടനയുടെ ബൈലോ പ്രകാരമുള്ള ഔദ്യോഗിക നടപടികൾ അവർ പൂർത്തിയാക്കിയിട്ടില്ലെന്നുമാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. നിലവിലുള്ള ഭരണസമിതി രാജിവെക്കാത്ത സാഹചര്യത്തിൽ അഡ്‌ഹോക്ക് കമ്മിറ്റി രൂപീകരിച്ചത് ബൈലോയ്ക്ക് വിരുദ്ധമാണെന്ന് ഒരു വിഭാഗം അംഗങ്ങൾ ചൂണ്ടിക്കാട്ടുന്നുമുണ്ട്. ഒമ്പതംഗ അഡ്ഹോക്ക് കമ്മിറ്റിയാണ് രൂപീകരിച്ചിരുന്നത്. കെ ബി ഗണേഷ് കുമാര്‍, സുരേഷ് കൃഷ്ണ, സാദിഖ്, ഡോ. റോണി, കൃഷ്ണ പ്രഭ, ആശാ അരവിന്ദ്, ഷാജോണ്‍, ദേവി ചന്ദന എന്നിവരാണ് അഡ്ഹോക്ക് കമ്മിറ്റി അംഗങ്ങൾ.

സാമ്പത്തിക ക്രമക്കേടുകളെ ചൊല്ലിയുള്ള ആരോപണങ്ങളടക്കം ഉയർന്നതോടെയാണ് സംഘടനയിൽ അതൃപ്തി പുകഞ്ഞത്. പിന്നാലെയായിരുന്നു ശ്വേതയുടെ രാജി പ്രഖ്യാപനം. ആരുടേയും പാവ ആകാതിരിക്കാനാണ് തന്റെ രാജിയെന്നും അമ്മ തെരഞ്ഞെടുപ്പിന് മുമ്പ് തന്നെ ക്രൈം നന്ദകുമാര്‍, മാര്‍ട്ടിന്‍ മേനാച്ചേരിപോലുള്ളവരെ മുന്നില്‍ നിര്‍ത്തി തനിക്കെതിരെ ദുഷ്പ്രചരണങ്ങളും കെട്ടിച്ചമച്ച ആരോപണങ്ങളും നടത്തിയെന്നുമായിരുന്നു ശ്വേത മുമ്പ് പ്രതികരിച്ചത്. ഇത് മറികടന്നാണ് ഭൂരിപക്ഷ പിന്തുണയില്‍ താന്‍ ജയിച്ചതെന്നും ശ്വേത പറഞ്ഞിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *