‘രാഷ്ട്രീയവും സ്പോർട്സും കൂട്ടിക്കുഴക്കേണ്ട’: ഇറാൻ ലോകകപ്പ് കളിക്കുമെന്ന് ഫിഫ പ്രസിഡന്‍റ് ഇൻഫാൻ്റിനോ

റാൻ ഫിഫ ലോകകപ്പ് 2026 ൽ മത്സരിക്കുമെന്ന് പ്രഖ്യാപിച്ച് ഫിഫ പ്രസിഡൻ്റ് ജിയാനി ഇൻഫാൻ്റിനോ. പശ്ചിമേഷ്യൻ സംഘർഷങ്ങൾ ഇറാൻ്റെ ലോകകപ്പ് പങ്കാളിത്തത്തിനെ ബാധിക്കില്ലെന്നും രാഷ്ട്രീയത്തയും സ്പോർട്സിനെയും കൂട്ടിക്കുഴക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. ലോകകപ്പിൽ പങ്കെടുക്കുന്ന എല്ലാ ടീമുകളും ഫെയർ പ്ലേയുടെയും പരസ്പര ബഹുമാനത്തിന്റെയും മനോഭാവത്തോടെ മത്സരിക്കുമെന്ന് താൻ പ്രതീക്ഷിക്കുന്നതായും ഇൻഫാന്റിനോ പറഞ്ഞു. അമേരിക്കയിൽ നിശ്ചയിച്ചിട്ടുള്ള ലോകകപ്പ് മത്സരങ്ങൾ മെക്സിക്കോയിലേക്ക് മാറ്റണമെന്ന് ഇറാൻ ഈ ആഴ്ച ആദ്യം ഫിഫയോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ നിലവിലെ ഷെഡ്യൂളിൽ മാറ്റം വരുത്താൻ കഴിയില്ലെന്ന് ഇൻഫാന്റിനോ അറിയിക്കുകയായിരുന്നു.

‘ഞങ്ങൾക്ക് കൃത്യമായ ഷെഡ്യൂൾ ഉണ്ട്. ഉടൻ തന്നെ 48 ടീമുകളെയും സ്ഥിരീകരിക്കും. തീരുമാനിച്ചത് പോലെ ലോകകപ്പ് മുന്നോട്ട് കൊണ്ടുപോകാനാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്. ഭൗമരാഷ്ട്രീയ തർക്കങ്ങൾ പരിഹരിക്കാൻ ഫിഫക്ക് കഴിയില്ല, എന്നാൽ ഫുട്ബോളിന്റെ കരുത്ത് ഉപയോഗിച്ച് പാലങ്ങൾ പണിയാനും സമാധാനം പ്രോത്സാഹിപ്പിക്കാനും ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്’ എന്നും ഇൻഫാന്റിനോ കൂട്ടിച്ചേർത്തു. ജൂൺ 11നാണ് യു.എസ്, കാനഡ, മെക്സിക്കോ എന്നിവിടങ്ങളിലായി ലോകകപ്പ് ആരംഭിക്കുന്നത്. ഏഷ്യൻ യോഗ്യതാ റൗണ്ടിൽ തങ്ങളുടെ ഗ്രൂപ്പിൽ ഒന്നാമതെത്തിയാണ് തുടർച്ചയായ നാലാം ലോകകപ്പിന് ഇറാൻ യോഗ്യത നേടിയത്.

Leave a Reply

Your email address will not be published. Required fields are marked *