ന്യൂഡൽഹി: കോൺഗ്രസിൽ നടക്കുന്ന മുഖ്യമന്ത്രി ചർച്ചകളെ ന്യായീകരിച്ച് മുൻ കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ. തെരഞ്ഞെടുപ്പ് ഫലം വരും മുമ്പുള്ള മുഖ്യമന്ത്രി ചർച്ചകളിൽ തെറ്റില്ല. കേരളത്തിൽ ഇതിന് മുൻപും തെരഞ്ഞെടുപ്പ് ഫലത്തിന് മുൻപ് ചർച്ചകൾ നടന്നിട്ടുണ്ട്. ചർച്ചകൾ നടന്നാലെ തീരുമാനം ഉണ്ടാകൂ. തീരുമാനമെടുക്കുന്നത് വരെ മുഖ്യമന്ത്രി ചർച്ചയാകാം. അത് സ്വാഭാവികമാണ്. രാഷ്ട്രീയത്തിൽ അത് പതിവാണെന്നും ഇത് തന്നെയാണ് കോൺഗ്രസിന്റെ രീതിയെന്നും കെ.സുധാകരൻ പറഞ്ഞു. ഫലം വരും മുൻപുള്ള ചർച്ചകൾ പാർട്ടിക്ക് ക്ഷീണം ആവില്ല വ്യക്തികളല്ല, പാർട്ടിയാണ് തീരുമാനം എടുക്കുകയെന്നും കെ. സുധാകരൻ ഡൽഹിയിൽ മാധ്യമങ്ങളോട് പറഞ്ഞു.
ഓരോരുത്തർക്കും ഓരോ അഭിപ്രായം ഉണ്ടാകും. എല്ലാവർക്കും അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യം കോൺഗ്രസിൽ ഉണ്ട്. സ്വീകരിക്കാവുന്നത് സ്വീകരിക്കാമെന്നും കെ.സുധാകരൻ വ്യക്തമാക്കി. കെ.സി. വേണുഗോപാലിനെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് നിർദേശിച്ചുകൊണ്ടുള്ള ഫേയ്സ്ബുക്ക് പോസ്റ്റിനെതിരേ പരക്കെ സൈബറാക്രമണങ്ങൾ കെ. സുധാകരൻ നേരിട്ടിരുന്നു. നേതൃതലത്തിലും ഇത് വൻതോതിൽ ചർച്ചയായിരുന്നു. ഇതിന് പിന്നാലെയാണ് പ്രതികരണവുമായി അദ്ദേഹം രംഗത്തെത്തിയത്. എംപിമാർ മത്സരിക്കുന്ന കാര്യത്തിൽ രാഘവൻ പറഞ്ഞത് ശരിയാണ്. എംപിമാർ മത്സരിക്കണം എന്ന കാര്യത്തിൽ അന്തിമ തീരുമാനമെടുക്കേണ്ടത് ഹൈക്കമാൻഡ് തന്നെൈയാണ് ഹൈക്കമാന്റിനുമേൽ സമ്മർദ്ദം ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു
