സഭയിൽ ആഞ്ഞടിച്ച് രാഹുൽഗാന്ധി

ന്യൂഡൽഹി: വനിതാ സംവരണ ബില്ലിലെ ഭേദഗതികളുമായി ബന്ധപ്പെട്ട് പാർലമെന്റിൽ നടന്ന ചർച്ചയിൽ കേന്ദ്ര സർക്കാരിനെതിരേ രൂക്ഷവിമർശനവുമായി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. സ്ത്രീശക്തി നമ്മുടെ ദേശീയ ഭാവനയുടെയും കാഴ്ചപ്പാടിന്റെയും പ്രേരകശക്തിയാണെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. രാജ്യത്തിന്റെ വികസന കാഴ്ചപ്പാടുകളിൽ സ്ത്രീശക്തി ഒരു കേന്ദ്രബിന്ദുവാണ്. എന്നാൽ കേന്ദ്രസർക്കാർ കൊണ്ടുവന്ന വനിതാ സംവരണ ഭേദഗതി ബില്ലിനെ സ്ത്രീകളുടെ ബിൽ എന്ന് വിളിക്കാനാവില്ലെന്നും രാഹുൽ ലോക്‌സഭയിൽ പറഞ്ഞു.

ഈ ബില്ലിനെ സ്ത്രീകളുടെ ബിൽ എന്ന് വിളിക്കാനാവില്ലെന്നും, സ്ത്രീ ശാക്തീകരണവുമായി ഇതിന് ബന്ധമില്ലെന്നുമാണ് അദ്ദേഹം ആരോപിച്ചത്. രാജ്യത്തിന്റെ ഭൂപടം മാറ്റിവരയ്ക്കാനുള്ള കേന്ദ്രസർക്കാരിന്റെ തന്ത്രമാണിത്. ഇന്ത്യയിലെ സ്ത്രീകളെ മുൻനിർത്തി സർക്കാർ മണ്ഡല പുനർനിർണയത്തെ ഒളിച്ചുകടത്തുകയാണ്. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനായി സ്ത്രീകളെ സർക്കാർ മറയായി ഉപയോഗിക്കുകയാണെന്നും രാഹുൽ ആരോപിച്ചു.

ബിൽ കേവലം ഒരു രാഷ്ട്രീയ തന്ത്രമാണ്. ഇതിനു പിന്നിൽ ഒ.ബി.സി., ദളിത്, ന്യൂനപക്ഷ വിഭാഗങ്ങളെ അകറ്റിനിർത്താനുള്ള ഗൂഢാലോചനയുണ്ടെന്നും രാഹുൽ ആരോപിച്ചു. ബിജെപി തങ്ങളുടെ രാഷ്ട്രീയ സ്വാധീനം നഷ്ടപ്പെടുമെന്ന് ഭയപ്പെടുന്നുണ്ട്. അസം, ജമ്മു കശ്മീർ എന്നിവിടങ്ങളിൽ ചെയ്തതുപോലെ മണ്ഡല പുനർനിർണയത്തിലൂടെ ഇന്ത്യയുടെ രാഷ്ട്രീയ ഭൂപടം മൊത്തമായി പുനർക്രമീകരിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *