ന്യൂഡൽഹി: എഥനോൾ കലർത്തിയ പെട്രോൾ പദ്ധതിയുടെ അടുത്തഘട്ടത്തിലേക്ക് കടക്കുന്നതായി റിപ്പോർട്ട്. 2027-ഓടെ ഇ21 പെട്രോളും 2029-ഓടെ ഇ25 പെട്രോളും രാജ്യത്ത് അവതരിപ്പിക്കാനാണ് കേന്ദ്രത്തിന്റെ പദ്ധതിയെന്ന് ദേശീയമാധ്യമമായ ഇന്ത്യാടുഡേ റിപ്പോർട്ട്ചെയ്തു. അതേസമയം, ഇ20 പെട്രോളിനെതിരായ പ്രതിഷേധങ്ങൾ കണക്കിലെടുത്ത് ഇ21, ഇ25 പെട്രോൾ അവതരിപ്പിക്കുന്നത് വൈകിപ്പിച്ചേക്കുമെന്ന റിപ്പോർട്ടുകളും ചില ദേശീയമാധ്യമങ്ങൾ പുറത്തുവിട്ടിട്ടുണ്ട്.
ഇ20 പെട്രോൾ (20 ശതമാനം എഥനോൾ കലർത്തിയ പെട്രോൾ) അവതരിപ്പിച്ചതിന് പിന്നാലെയാണ് കൂടുതൽ എഥനോൾ കലർത്തിയ പെട്രോൾ അവതരിപ്പിക്കാനായി കേന്ദ്രം പദ്ധതിയിടുന്നത്. ഇതിന്റെ ഭാഗമായി 2027-ൽ 21 ശതമാനം എഥനോൾ കലർത്തിയ പെട്രോളും 2029-ൽ 25 ശതമാനം എഥനോൾ കലർത്തിയ പെട്രോളും വിപണിയിലെത്തിക്കാനാണ് നീക്കം. നിലവിലെ നയമനുസരിച്ച് പരമാവധി 25 ശതമാനം വരെ എഥനോൾ ചേർക്കാനാണ് അനുമതിയുള്ളത്. 2029-ഓടെ തന്നെ ഈ ലക്ഷ്യത്തിലേക്ക് എത്താനാകുമെന്നാണ് കേന്ദ്രത്തിന്റെ കണക്കുക്കൂട്ടലെന്നും റിപ്പോർട്ടുകളിൽ പറയുന്നു.
ഇറക്കുമതി ചെയ്യുന്ന എണ്ണയെ ആശ്രയിക്കുന്നത് കുറയ്ക്കാനും അഭ്യന്തരമായി ഉത്പാദിപ്പിക്കുന്ന എഥനോളിന്റെ ആവശ്യകത വർധിപ്പിക്കാനും ലക്ഷ്യമിട്ടാണ് എഥനോൾ ചേർത്ത പെട്രോൾ രാജ്യത്ത് അവതരിപ്പിച്ചത്. അതേസമയം, എഥനോൾ കലർത്തിയ പെട്രോൾ വാഹനങ്ങളെ ദോഷകരമായി ബാധിക്കുന്നുവെന്ന ആശങ്ക രാജ്യത്ത് ശക്തമാണ്. പഴയ വാഹനങ്ങളുടെ മൈലേജിനെയും മറ്റും ഇ20 പെട്രോൾ ബാധിക്കുന്നുണ്ടെന്നും ഇതുകാരണം വാഹനങ്ങൾ തകരാറിലാകുന്നതായും വ്യാപകമായ പരാതി ഉയരുന്നുണ്ട്. എന്നാൽ, ഇത്തരം വാദങ്ങൾക്ക് കഴമ്പില്ലെന്നായിരുന്നു ദിവസങ്ങൾക്ക് മുൻപ് വിദഗ്ധർ നടത്തിയ വാർത്താസമ്മേളനത്തിലെ അഭിപ്രായം. രാജ്യത്തെ ഊർജരംഗത്തെയും പ്രമുഖ വാഹനനിർമാണ കമ്പനികളിലെയും വിദഗ്ധരാണ് ഈ വാർത്താസമ്മേളനത്തിൽ പങ്കെടുത്തിരുന്നത്.
