മുഖ്യമന്ത്രിയുടെ പ്രസ്താവന തെറ്റ്, വീഴ്ച മറക്കാൻ വിവാദം ഉണ്ടാക്കാൻ ശ്രമം; പിണറായി വിജയൻ

വയനാട്: വയനാട് തുരങ്കപാതയ്ക്ക് പാരിസ്ഥിതിക അനുമതി ലഭിച്ചതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി നടത്തിയ പ്രസ്താവന തെറ്റാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. വീഴ്ച മറക്കാൻ വേണ്ടി വിവാദം ഉണ്ടാക്കാൻ ബോധപൂർവമായ ശ്രമമാണ് നടക്കുന്നതെന്നും പാരിസ്ഥിതിക അനുമതി ലഭിച്ചത് സൂത്രപണിയിലൂടെയല്ലെന്നും പിണറായി പറഞ്ഞു. സുതാര്യമായി നടന്ന പഠനമാണിത്. 2023 ലാണ് പഠനം നടന്നത്. എല്ലാ പഠനവും പൂർത്തീകരിച്ചു. സംസ്ഥാനവും കേന്ദ്രവും അനുമതി നൽകിയെന്നും അദ്ദേഹം വ്യക്തമാക്കി.

പലരേയും പഴി ചാരി മന്ത്രിമാർ ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിഞ്ഞു മാറുകയാണെന്നും പിണറായി പറഞ്ഞു. ഉന്നതതല യോഗമാണ് മണ്ണ് നീക്കാൻ നിർദേശം നൽകിയത്. ആ തീരുമാനം എങ്ങനെയാണ് അട്ടിമറിക്കപ്പെട്ടത്. ആരാണ് ഉത്തരവാദിയെന്നും അദ്ദേഹം ചോദിച്ചു.
അനന്തമായ സാധ്യത തുറക്കുന്ന പദ്ധതിയാണ് വയനാട് തുരങ്കപാത പദ്ധതി. പദ്ധതിയുടെ ഭാഗമായി നീക്കം ചെയ്ത മണ്ണ് കൂനയായി നിൽക്കുന്നുണ്ട്. അതും മുകളിൽ നിന്ന് വന്ന മണ്ണും ചേർന്നാണ് ഒലിച്ചിറങ്ങിയതെന്നും പിണറായി പറഞ്ഞു.

വയനാട്ടിൽ ശക്തമായ മഴ ഉണ്ടായിട്ടും വേണ്ട മുന്നൊരുക്കങ്ങൾ ഉണ്ടായില്ല. എന്തുകൊണ്ടാണ് മുന്നൊരുക്കങ്ങൾ ഇല്ലാതെ പോയതെന്നും അപകട മുന്നറിയിപ്പ് നൽകിയില്ലെന്നും പിണറായി വിജയൻ ചൂണ്ടിക്കാട്ടി. സർക്കാരും ബന്ധപ്പെട്ട അധികൃതരും ആവശ്യമായ നടപടി എടുത്തില്ല. നിർദേശങ്ങൾ നടപ്പാക്കാൻ എന്തെങ്കിലും നടപടികൾ സർക്കാർ എന്ന നിലയ്ക്ക് സ്വീകരിച്ചതായി കാണുന്നില്ല. മണ്ണ് നീക്കണമെന്ന നിർദേശം ലഭിച്ചിട്ട് രണ്ടാഴ്ച സമയം ഉണ്ടായിട്ടും ഒരു നടപടിയും സ്വീകരിച്ചില്ല എന്നത് ഗൗരവമുള്ള കാര്യമാണ്. മണ്ണ് നീക്കം ചെയ്യാത്തതാണ് അപകടത്തിലേക്ക് നയിച്ചതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Leave a Reply

Your email address will not be published. Required fields are marked *