സംസ്ഥാന ഗാനം ആദ്യം; ശേഷം വന്ദേമാതരം, ജനഗണമന: വ്യക്തത വരുത്തി ആഭ്യന്തരമന്ത്രാലയം

ന്യൂഡല്‍ഹി: സംസ്ഥാന ഗാനങ്ങമാണ് സര്‍ക്കാര്‍ ചടങ്ങുകളില്‍ ആദ്യം ആലപിക്കേണ്ടതെന്നും അതിന് ശേഷമാണ് ദേശീയ ഗീതവും ദേശീയ ഗാനവും ആലപിക്കേണ്ടതെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയം. ഈ ക്രമം കര്‍ശനമായി പാലിക്കണമെന്ന് എല്ലാ സംസ്ഥാന സര്‍ക്കാരുകള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും കേന്ദ്ര മന്ത്രാലയങ്ങള്‍ക്കും ആഭ്യന്തരമന്ത്രാലയം നിര്‍ദേശം നല്‍കി.

ചില സംസ്ഥാനങ്ങളില്‍ ദേശീയ ഗാനത്തിനും ദേശീയ ഗീതത്തിനുമൊപ്പം സംസ്ഥാന ഗാനവും ആലപിക്കാറുണ്ട്. ഇത്തരം സാഹചര്യത്തില്‍ സംസ്ഥാന ഗാനം ആദ്യം ആലപിക്കണം. തുടര്‍ന്ന് ദേശീയ ഗീതമായിരിക്കണം ആലപിക്കേണ്ടത്, അതിന് ശേഷമായിരിക്കണം ദേശീയ ഗാനം, ജൂലൈ 9-ലെ വിജ്ഞാപനത്തില്‍ ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. ദേശീയ ഗീതവും ദേശീയ ഗാനവും ആലപിക്കുമ്പോള്‍ അവയുടെ കൃത്യമായ വരികളും ലിപിയും, ഉച്ചാരണശുദ്ധിയും കര്‍ശനമായി പാലിക്കണമെന്നും ആഭ്യന്തര മന്ത്രാലയത്തിന്റെ നിര്‍ദ്ദേശത്തില്‍ പറയുന്നു. ദേശീയ ഗീതത്തിന്റെയും ദേശീയ ഗാനത്തിന്റെയും യഥാര്‍ത്ഥ വരികളും കൃത്യമായ ഉച്ചാരണ രീതിയും മന്ത്രാലയത്തിന്റെ വെബ്സൈറ്റില്‍ ലഭ്യമാക്കിയിട്ടുണ്ടെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

ദേശീയ ഗാനവും ദേശീയ ഗീതവും നിര്‍ബന്ധമായി ആലപിക്കേണ്ടതെപ്പോഴൊക്കെയാണെന്നതിനെക്കുറിച്ചുള്ള സമഗ്രമായ പട്ടിക ഉത്തരവിനോടൊപ്പം ഉള്‍പ്പെടുത്തിയിട്ടുണ്ട്. നിര്‍ദ്ദേശിക്കപ്പെട്ടിട്ടുള്ള മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കേണ്ടതുണ്ടെന്നും ഉത്തരവില്‍ പറയുന്നു

Leave a Reply

Your email address will not be published. Required fields are marked *