റിയാദ്: യുഎൻ ആസ്ഥാനത്ത് നടക്കുന്ന പുതിയ നഗര അജണ്ടയെക്കുറിച്ചുള്ള പൊതുസഭയുടെ ഉന്നതതല യോഗത്തിൽ സൗദി അറേബ്യ തങ്ങളുടെ നഗരവികസന നേട്ടങ്ങൾ അവതരിപ്പിക്കുന്നു. സൗദി മുനിസിപ്പാലിറ്റി, ഭവന നിർമാണ വകുപ്പ് മന്ത്രി മാജിദ് അൽ-ഹുഖൈലിന്റെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘമാണ് രാജ്യത്തെ പ്രതിനിധീകരിച്ച് പങ്കെടുക്കുന്നത്. ലക്ഷ്യങ്ങളുടെ ഭാഗമായി രാജ്യം കൈവരിച്ച നഗരവികസന പുരോഗതിയാണ് സമ്മേളനത്തിൽ പ്രധാനമായും ചർച്ച ചെയ്യുന്നത്.
സുസ്ഥിര വികസനവുമായി ബന്ധപ്പെട്ട അന്താരാഷ്ട്ര വേദികളിലെ സൗദിയുടെ സജീവ സാന്നിധ്യത്തിന്റെ ഭാഗമായാണ് ഈ പങ്കാളിത്തം. സൗദി നഗരങ്ങളിലെ അടിസ്ഥാന സൗകര്യങ്ങളുടെ കാര്യക്ഷമത വർധിപ്പിക്കൽ, ജീവിതനിലവാരം ഉയർത്തൽ, നഗര പരിസ്ഥിതി വികസനം, സാമ്പത്തിക വളർച്ചക്ക് കരുത്തുപകരുന്ന സുസ്ഥിര നഗരങ്ങളുടെ നിർമ്മാണം എന്നിവ സമ്മേളനത്തിൽ വിശദീകരിക്കും.
നഗരവികസനത്തിൽ സൗദി അറേബ്യ കൈവരിച്ച മാതൃകാപരമായ അനുഭവങ്ങളും, സുസ്ഥിര വികസനത്തെ പിന്തുണക്കുന്നതിൽ നഗരങ്ങൾ വഹിക്കുന്ന പങ്കുമാണ് യോഗത്തിൽ സൗദി ഊന്നിപ്പറയുക. ആഗോള സുസ്ഥിര വികസന ലക്ഷ്യങ്ങൾക്ക് അനുസൃതമായി നഗരാസൂത്രണം, സാമ്പത്തിക രംഗം, ജീവിതനിലവാരം എന്നിവ പരസ്പരം സംയോജിപ്പിച്ചുകൊണ്ടുള്ള പ്രവർത്തന രീതികൾ രാജ്യം വ്യക്തമാക്കും. കൂടാതെ, നവ നഗര അജണ്ട നടപ്പിലാക്കുന്നതിൽ തങ്ങൾ കൈവരിച്ച പുരോഗതിയെക്കുറിച്ചുള്ള റിപ്പോർട്ടും സൗദി യോഗത്തിൽ സമർപ്പിച്ചു. രാജ്യാന്തര വികസന അജണ്ടകളോടുള്ള സൗദി അറേബ്യയുടെ പ്രതിബദ്ധതയാണ് ഈ ഉന്നതതല പങ്കാളിത്തത്തിലൂടെ വ്യക്തമാകുന്നത്. സുസ്ഥിര നഗരങ്ങൾ കെട്ടിപ്പടുക്കുന്നതിനും അനുഭവങ്ങളും വൈദഗ്ധ്യവും പരസ്പരം പങ്കുവെക്കുന്നതിനുമുള്ള അന്താരാഷ്ട്ര ശ്രമങ്ങളിൽ രാജ്യം തങ്ങളുടെ സംഭാവനകൾ തുടരുമെന്നും അധികൃതർ വ്യക്തമാക്കി.
