സ്പെയിനിനു മുന്നില്‍ കളിമറന്ന് കാഴ്ചക്കാരനായി എംബാപ്പെ

ഡാളസ്: ലോകകപ്പ് സെമി ഫൈനലിൽ സ്പെയിനിനോട് എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് തോറ്റ് മുൻ ചാമ്പ്യന്മാരായ ഫ്രാൻസ് പുറത്തായപ്പോൾ, ഫുട്ബോൾ ലോകത്തെ ഞെട്ടിക്കുന്നത് നായകൻ കിലിയൻ എംബാപ്പെയുടെ മോശം ഫോമാണ്. നാല് വർഷം മുമ്പ് ഖത്തർ ലോകകപ്പ് ഫൈനലിൽ അർജന്‍റീനയ്ക്കെതിരെ ഹാട്രിക് ഗോളുകളോടെ മാന്ത്രിക പ്രകടനം പുറത്തെടുത്ത എംബാപ്പെയുടെ നിഴൽ മാത്രമാണ് ഡാളസ് സ്റ്റേഡിയത്തിൽ കാണാൻ കഴിഞ്ഞത്. സ്പാനിഷ് പ്രതിരോധ കോട്ടയ്ക്ക് മുന്നിൽ ഫ്രഞ്ച് പടയുടെ ആക്രമണങ്ങളെല്ലാം തകർന്നടിഞ്ഞപ്പോൾ എംബാപ്പെയുടെ കരിയറിലെ തന്നെ ഏറ്റവും മോശം പ്രകടനത്തിനാണ് ആരാധകർ സാക്ഷ്യം വഹിച്ചത്. മത്സരത്തിന് ശേഷം പുറത്തുവന്ന എംബാപ്പെയുടെ മാച്ച് കണക്കുകൾ ഫ്രഞ്ച് ക്യാമ്പിലെ തകർച്ചയുടെ ആഴം വ്യക്തമാക്കുന്നതാണ്. മത്സരത്തിലാകെ ആകെ 34 ടച്ചുകൾ മാത്രമാണ് എംബാപ്പെക്കുണ്ടായിരുന്നത്. ലക്ഷ്യത്തിലേക്കുള്ള ഒറ്റ ഷോട്ട് ഉതിര്‍ക്കാൻ പോലും ഫ്രഞ്ച് ക്യാപ്റ്റനായില്ല. ആറ് ഡ്രിബ്ലിംഗ് ശ്രമങ്ങളില്‍ വിജയിച്ചതാകട്ടെ ഒരെണ്ണം മാത്രം. ഇതിനിടെ 14 തവണ പന്ത് കാലില്‍ നിന്ന് നഷ്ടപ്പെടുത്തി. മത്സരത്തിന്‍റെ ആദ്യ പകുതിയിൽ വെറും 14 തവണ മാത്രമാണ് എംബാപ്പെ പന്തിൽ തൊട്ടത്. കളിയിലുടനീളം ആകെ മൂന്ന് ഷോട്ടുകൾ മാത്രമാണ് താരം ഉതിർത്തത്. എന്നാൽ സ്പാനിഷ് ഗോൾകീപ്പർ ഉനായ് സിമോണിനെ ഒന്ന് പരീക്ഷിക്കാൻ പോന്ന ഒന്നുപോലും അതിലുണ്ടായിരുന്നില്ല. ആറ് തവണ ഡ്രിബ്ലിംഗിന് ശ്രമിച്ചെങ്കിലും ഒരൊറ്റ തവണ മാത്രമാണ് സ്പാനിഷ് ഡിഫൻഡർമാരെ മറികടക്കാൻ ഫ്രഞ്ച് നായകന് കഴിഞ്ഞത്.

Leave a Reply

Your email address will not be published. Required fields are marked *