ഫ്രാൻസിനെ വീഴ്ത്തിയത് സ്പെയിനിന്‍റെ ‘സംഘശക്തി’

ഡാളസ്: ലോകകപ്പ് സെമി ഫൈനലിൽ ഫ്രാൻസിന്‍റെ അപരാജിത കുതിപ്പിന് തടയിട്ട് സ്പെയിൻ ഫൈനലിലേക്ക് മാർച്ച് ചെയ്യുമ്പോൾ ഫുട്ബോൾ ലോകം ചർച്ച ചെയ്യുന്നത് അവരുടെ അതിശയിപ്പിക്കുന്ന സംഘശക്തിയെക്കുറിച്ചാണ്. സൂപ്പർ താരം ലാമിൻ യമാലിന്‍റെ തിളക്കത്തിനപ്പുറം, മിന്നും ഗോളുകളുമായി ഒയർസബാലും പെഡ്രോ പോറോയും ഉറച്ച കോട്ടയായി സ്പാനിഷ് പ്രതിരോധവും നിലയുറപ്പിച്ചപ്പോൾ ഫ്രഞ്ച് സൈന്യത്തിന് ആയുധം വെച്ചു കീഴടങ്ങേണ്ടി വന്നു. കൗമാര വിസ്മയം ലാമിൻ യമാലിന് ടൂർണമെന്‍റിൽ ആകെ ഒരു ഗോൾ മാത്രമുള്ളപ്പോഴാണ് സ്പെയിനിന്‍റെ ‘സൈലന്‍റ് കില്ലർ’ മിക്കേൽ ഒയർസബാൽ അഞ്ച് ഗോളുകളുമായി ചരിത്രം കുറിക്കുന്നത്. മുൻപ് കാബോ വെർദെക്കെതിരായ മത്സരത്തിൽ 30 മിനിറ്റോളം പന്ത് കിട്ടാതെ ഗ്രൗണ്ടിൽ വെറുതെ ഓടേണ്ടി വന്നതിന്‍റെ വലിയ നാണക്കേടും നിരാശയും ഒയർസബാലിനുണ്ടായിരുന്നു. എന്നാൽ ഇന്നവൻ ഒരു ലോകകപ്പിൽ അഞ്ച് ഗോളുകൾ നേടുന്ന മൂന്നാമത്തെ മാത്രം സ്പാനിഷ് താരമെന്ന റെക്കോർഡിലേക്ക് എത്തിയിരിക്കുന്നു. സ്പെയിനിന്‍റെ ആക്രമണ നിരയിൽ പരിശീലകൻ ലൂയിസ് ഡി ലാ ഫ്യൂന്‍റെയുടെ ഏറ്റവും വിശ്വസ്തനായ ആയുധമായി ഒയർസബാൽ മാറിക്കഴിഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *