ദുബായ് : യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ 77 -ാം ജന്മദിനത്തിൽ ആശംസനേർന്ന് ലോകം. ബുധനാഴ്ചയായിരുന്നു ലോകമെമ്പാടുമുള്ള ആളുകളെ സ്പർശിച്ച ദർശനങ്ങൾ ഉയർത്തിപ്പിടിച്ച നേതാവിന്റെ ജന്മദിനം രാജ്യം ആഘോഷിച്ചത്. വൺ ബില്യൻ മീൽസ് സംരംഭം, ആയിരക്കണക്കിന് തടവുകാർക്ക് മോചനം, പ്രതിസന്ധിഘട്ടങ്ങളിലെ നിർണായക വൈദ്യസഹായം, ഫാദേഴ്സ് എൻഡോവ്മെന്റ് കാംപെയ്ൻ തുടങ്ങി അദ്ദേഹത്തിന്റെ നേതൃത്വത്തിൽ നടത്തിയ കാരുണ്യപ്രവർത്തനങ്ങൾ ഒട്ടേറെയാണ്. ദുബായിയെ ലോകത്തിനുമുന്നിൽ തലയുയർത്തി നിൽക്കുന്ന വ്യാപാര വിനോദസഞ്ചാരകേന്ദ്രമാക്കി മാറ്റിയതിൽ പ്രധാനപങ്കുവഹിച്ച വ്യക്തിയെന്ന നിലയിൽ ഒട്ടേറെപേരാണ് അദ്ദേഹത്തിന് സ്നേഹാശംസകൾ നൽകിയത്. ആശംസകളും പ്രാർഥനകളും ഇപ്പോഴും തുടരുകയാണ്. ഭരണത്തിന് നേതൃത്വംനൽകിയ 20 വർഷത്തിനിടയിൽ ദുബായിയുടെയും രാജ്യത്തിന്റെയും വളർച്ചയ്ക്കും പരിവർത്തനത്തിനും അദ്ദേഹം മേൽനോട്ടം വഹിച്ചു.
പിറന്നാൾ നിറവിൽ ദുബായ് ഭരണാധികാരി
