ഡൽഹി: വനിതാ സംവരണ ഭേദഗതി ബില്ല് പാർലമെന്റിൽ പരാജയപ്പെട്ടതിനെ തുടർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നലെ നടത്തിയ അഭിസംബോധനക്കെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി. പി സന്തോഷ് കുമാർ എം പി ആണ് തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയത്. പ്രധാനമന്ത്രിയുടേത് ഗുരുതര പെരുമാറ്റ ചട്ട ലംഘനമാണെന്നും അന്വേഷണം നടത്തി ആവശ്യമായ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം പരാതിയിൽ ആവശ്യപ്പെട്ടു. പ്രധാനമന്ത്രി നേരത്തെ തയ്യാറാക്കിയ പ്രസംഗമായിരുന്നെന്നും, നാടകത്തിന്റെ അവസാനമാണ് പ്രസംഗമെന്നും ആരോപണമുണ്ട്.
ഔദ്യോഗിക മാധ്യമങ്ങളായ ദൂരദർശനും ആകാശവാണിയും ഉപയോഗിച്ച് എങ്ങനെ പ്രധാനമന്ത്രി ഈ പ്രസംഗം നടത്തിയെന്നും അദ്ദേഹം ചോദിച്ചു. നടപടി സ്വീകരിക്കുമെന്ന് അറിയില്ല, നടപടി എടുക്കുമെന്ന് പ്രതീക്ഷിക്കുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വനിതാ ബില്ലിലെ പ്രധാനമന്ത്രിയുടെ പ്രതികരണത്തിനെതിരെ കോൺഗ്രസ് നേതാവ് അനിൽ അക്കരയും തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയിട്ടുണ്ട്. പ്രധാനമന്ത്രി ദൂരദർശനിലൂടെ രാജ്യത്തെ അഭിസംബോധന ചെയ്തത് തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടലംഘനമെന്നും പ്രധാനമന്ത്രിക്കെതിരെ നടപടി വേണമെന്നും അദ്ദേഹം പരാതിയിൽ പറഞ്ഞു.
