2026 ഫിഫ ഫുട്ബോള്‍ ലോകകപ്പ് സെമി ഫൈനലില്‍ ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തിയതിന് പിന്നാലെ അര്‍ജന്റീന രാഷ്ട്രീയ വിവാദങ്ങള്‍ക്കാണ് തിരികൊളുത്തിയിരുന്നത്. മത്സരശേഷം വിവാദ ബാനര്‍ പ്രദര്‍ശിപ്പിച്ച സംഭവത്തില്‍ അര്‍ജന്റീന താരങ്ങള്‍ക്കും ഫുട്ബോള്‍ അസോസിയേഷനുമെതിരെ ഫിഫ ഔദ്യോഗിക അന്വേഷണം ആരംഭിച്ചു. ഇംഗ്ലണ്ടിനെതിരായ ആവേശകരമായ വിജയത്തിന് ശേഷമാണ് സംഭവം. ഫോക്ക്ലാന്‍ഡ് ദ്വീപുകളുടെ പരമാധികാരം അര്‍ജന്റീനയ്ക്കാണെന്ന് അവകാശപ്പെടുന്ന ‘ലാസ് മാല്‍വിനാസ് സണ്‍ അര്‍ജന്റീനാസ്’ എന്ന ബാനര്‍ അര്‍ജന്റീന താരങ്ങള്‍ മൈതാനത്ത് ഉയര്‍ത്തിപ്പിടിക്കുകയായിരുന്നു.
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബ്ബുകളില്‍ കളിക്കുന്ന പ്രമുഖ താരങ്ങളായ ലിസാന്‍ഡ്രോ മാര്‍ട്ടിനെസ്, ക്രിസ്റ്റ്യന്‍ റൊമേറോ, എന്‍സോ ഫെര്‍ണാണ്ടസ് എന്നിവരുള്‍പ്പെടെയുള്ള സംഘമാണ് ബാനറുമായി ആഘോഷത്തില്‍ പങ്കുചേര്‍ന്നത്. മത്സരങ്ങള്‍ നടക്കുമ്പോഴോ അതിനു ശേഷമോ സ്റ്റേഡിയത്തിനുള്ളില്‍ രാഷ്ട്രീയ, മതപരമായ സന്ദേശങ്ങളോ ബാനറുകളോ പ്രദര്‍ശിപ്പിക്കുന്നത് ഫിഫ അച്ചടക്ക നിയമങ്ങള്‍ക്ക് കടുത്ത ലംഘനമാണ്. സംഭവം ഗുരുതരമായി എടുത്ത ഫിഫ ഡിസിപ്ലിനറി കമ്മിറ്റി അര്‍ജന്റീന ഫുട്ബോള്‍ അസോസിയേഷനോട് വിശദീകരണം തേടിയിട്ടുണ്ട്. അന്വേഷണത്തില്‍ കുറ്റക്കാരാണെന്ന് തെളിഞ്ഞാല്‍ അര്‍ജന്റീന ഫുട്ബോള്‍ ഭരണസമിതിക്ക് വന്‍ തുക പിഴയും, വിവാദത്തില്‍ ഉള്‍പ്പെട്ട പ്രമുഖ കളിക്കാര്‍ക്ക് അന്താരാഷ്ട്ര മത്സരങ്ങളില്‍ നിന്നും ക്ലബ്ബ് മത്സരങ്ങളില്‍ നിന്നും വിലക്കും നേരിടേണ്ടി വന്നേക്കാം.
അതേസമയം, ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബ്ബുകളില്‍ കളിക്കുന്ന പ്രമുഖ താരങ്ങളായ ലിസാന്‍ഡ്രോ മാര്‍ട്ടിനെസ്, ക്രിസ്റ്റ്യന്‍ റൊമേറോ, എന്‍സോ ഫെര്‍ണാണ്ടസ് എന്നിവര്‍ക്ക് പ്രീമിയര്‍ ലീഗ് വിലക്കേര്‍പ്പെടുത്തണമെന്നാണ് ഉയരുന്ന ആവശ്യം. വര്‍ക്ക് വിസകള്‍ റദ്ദാക്കണമെന്ന് ആരാധകരും ആവശ്യപ്പെടുന്നുണ്ട്. യുകെയിലെ ചില രാഷ്ട്രീയ പ്രമുഖരും മാധ്യമപ്രവര്‍ത്തകരും താരങ്ങള്‍ക്കെതിരെ കര്‍ശന നടപടി വേണമെന്ന് ആവശ്യപ്പെടുന്നുണ്ട്. മുന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി മാര്‍ഗരറ്റ് താച്ചറുടെ സഹായിയായിരുന്ന നൈല്‍ ഗാര്‍ഡിനര്‍ ഉള്‍പ്പെടെയുള്ളവര്‍, യുകെയില്‍ ജോലി ചെയ്തു ജീവിക്കുന്ന കളിക്കാര്‍ വിദ്വേഷവും രാഷ്ട്രീയ സംഘര്‍ഷവും വളര്‍ത്തുന്ന ഇത്തരം പ്രവൃത്തികളില്‍ പങ്കാളികളായതിനാല്‍ അവരുടെ വര്‍ക്ക് വിസ റദ്ദാക്കണമെന്ന് പരസ്യമായി ആവശ്യപ്പെട്ടു.
