ചെന്നൈ: നീറ്റ് പരീക്ഷയിലെ ക്രമക്കേടുകളെ മാത്രമല്ല എതിർക്കുന്നതെന്നും ആ പരീക്ഷ പൂർണമായും റദ്ദാക്കണമെന്നും ടിവികെ. മെഡിക്കൽ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട എല്ലാ വിഷയങ്ങളിലും സംസ്ഥാനങ്ങൾക്ക് പൂർണ അധികാരം നൽകണമെന്നും ടിവികെ ആവശ്യപ്പെട്ടു. ദേശീയതലത്തിലുള്ള ഈ പ്രവേശന പരീക്ഷ പൂർണമായും നിർത്തലാക്കണമെന്ന് അഭിപ്രായപ്പെട്ട പാർട്ടി, പ്രശ്നപരിഹാരത്തിന്റെ ഭാഗമായി വിദ്യാഭ്യാസത്തെ ഭരണഘടനയുടെ കണ്‍കറന്‍റ് ലിസ്റ്റിൽ നിന്ന് സംസ്ഥാന പട്ടികയിലേക്ക് മാറ്റണമെന്ന ആവശ്യവും ഉന്നയിച്ചു.
വിദ്യാഭ്യാസത്തെ സംസ്ഥാന പട്ടികയിലേക്ക് മാറ്റുന്നതിൽ നിയമപരമോ ഭരണപരമോ ആയ തടസ്സങ്ങളുണ്ടെങ്കിൽ, ആ വിഷയം പരിഹരിക്കണം. മുഖ്യമന്ത്രി സി ജോസഫ് വിജയ് ഇതേക്കുറിച്ച് മുൻപ് തന്നെ നിലപാട് വ്യക്തമാക്കിയിട്ടുള്ളതാണെന്നും ടിവികെ നേതൃത്വം ചൂണ്ടിക്കാട്ടി.
നീറ്റ് റദ്ദാക്കുമെന്ന് ഡി എം കെ ജനങ്ങൾക്ക് വ്യാജ വാഗ്ദാനം നൽകിയെന്നും ടിവികെ വിമർശിച്ചു. അധികാരത്തിൽ വന്നാൽ നീറ്റ് റദ്ദാക്കുമെന്ന് 2021-ലെ നിയമസഭാ തെരഞ്ഞെടുപ്പ് കാലത്ത് ഡി എം കെ വാഗ്ദാനം ചെയ്തിരുന്നു. “നീറ്റ് ഞങ്ങൾ തന്നെ റദ്ദാക്കും” എന്ന് വ്യാജ വാഗ്ദാനം നൽകി വോട്ട് നേടുന്ന വഞ്ചനാപരമായ രാഷ്ട്രീയത്തിൽ തങ്ങൾ ഒരിക്കലും ഏർപ്പെടില്ലെന്ന് ടിവികെ നേതാക്കൾ വ്യക്തമാക്കി.
