ഇടുക്കിയിൽ എട്ടുവയസ്സുകാരനെ കുത്തിയെറിഞ്ഞ് കാട്ടുപോത്ത്

ഇടുക്കി: മറയൂരിന് സമീപം പള്ളനാട്ടിൽ സ്കൂളിൽ പോകാനായി വാഹനം കാത്തുനിന്ന എട്ടു വയസ്സുകാരനെ കാട്ടുപോത്ത് ആക്രമിച്ചു. പള്ളനാട് സ്വദേശിയായ കാർത്തികിനാണ് വ്യാഴാഴ്ച രാവിലെ ഉണ്ടായ അപ്രതീക്ഷിത ആക്രമണത്തിൽ പരിക്കേറ്റത്. ആക്രമണത്തിൽ സാരമായി പരിക്കേറ്റ കാർത്തികിനെ ആദ്യം മറയൂരിലെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലും തുടർന്ന് അടിമാലി താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു. പരിക്കുകൾ ഗൗരവമുള്ളതായതിനാൽ ബന്ധുക്കളുടെ ആവശ്യപ്രകാരം വിദഗ്ധ ചികിത്സയ്ക്കായി കുട്ടിയെ പിന്നീട് തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.

ജനവാസ മേഖലയിലിറങ്ങിയ കാട്ടുപോത്ത് കുട്ടിയെ കുത്തിയെടുത്തെറിയുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറയുന്നു. സംഭവത്തിന് പിന്നാലെ കാട്ടുപോത്ത് പ്രദേശത്ത് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും വഴിയിലുണ്ടായിരുന്ന രണ്ട് വാഹനങ്ങൾ തകർക്കുകയും ജനവാസ മേഖലയിലൂടെ ഓടിമറയുകയും ചെയ്തു.

കാട്ടുപോത്ത് ആക്രമണത്തെത്തുടർന്ന് പള്ളനാട് പ്രദേശത്ത് ജനങ്ങൾ പ്രതിഷേധവുമായി തെരുവിലിറങ്ങി. പ്രകോപിതരായ നാട്ടുകാർ മൂന്നാർ-മറയൂർ സംസ്ഥാന പാത ഉപരോധിച്ചു. മേഖലയിൽ നിരന്തരം ഭീതി പരത്തുന്ന കാട്ടുപോത്തിനെ മയക്കുവെടി വെച്ച് പിടികൂടി മാറ്റണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. മുമ്പും ഈ പ്രദേശത്ത് ഇതേ കാട്ടുപോത്തിന്റെ ആക്രമണം ഉണ്ടായിട്ടുണ്ടെന്നും, അധികൃതർ നൽകിയ ഉറപ്പുകൾ പാലിക്കപ്പെടുന്നില്ലെന്നും നാട്ടുകാർ ആരോപിച്ചു. മണിക്കൂറുകൾ നീണ്ട ഉപരോധത്തിനൊടുവിൽ വനംവകുപ്പ് ഉദ്യോഗസ്ഥരെത്തി നാട്ടുകാരുമായി ചർച്ച നടത്തിയാണ് പ്രതിഷേധം അവസാനിപ്പിച്ചത്. കുട്ടിക്ക് ആവശ്യമായ വിദഗ്ധ ചികിത്സ ഉറപ്പാക്കാമെന്നും വന്യമൃഗത്തിന്റെ നീക്കങ്ങൾ മുഴുവൻ സമയവും നിരീക്ഷിക്കാൻ പ്രത്യേക വാച്ചറെ നിയമിക്കാമെന്നും അധികൃതർ ഉറപ്പുനൽകി. നിലവിൽ കാട്ടുപോത്ത് വനത്തിനുള്ളിലേക്ക് മടങ്ങിയതായാണ് വനംവകുപ്പിന്റെ വിശദീകരണം.

Leave a Reply

Your email address will not be published. Required fields are marked *