ഡൽഹിയിൽ സുരക്ഷ ശക്തമാക്കുന്നു; 20 കമ്പനി സിആർപിഎഫിനെ കൂടി അടിയന്തരമായി വിന്യസിക്കാൻ കേന്ദ്രം

ഡൽഹി : കോക്റോച്ച് ജനത പാർട്ടിയുടെയും വിവിധ പ്രതിപക്ഷ പാർട്ടികളുടെയും പ്രതിഷേധത്തിൻ്റെ പശ്ചാത്തലത്തിൽ രാജ്യതലസ്ഥാനത്ത് കൂടുതൽ സേനാവിന്യാസം നടത്താൻ കേന്ദ്ര സർക്കാർ. ഡൽഹിയിൽ സുരക്ഷ ശക്തമാക്കുന്നതിൻ്റെ ഭാഗമായി സിആർപിഎഫിൻ്റെ 20 കമ്പനികളെ കൂടി വിന്യസിക്കാൻ സർക്കാർ ഉത്തരവിട്ടെന്ന് റിപ്പോർട്ട്. ഇതേ തുടർന്ന് പശ്ചിമ ബംഗാളിൽനിന്ന് ഡൽഹിയിലേക്ക് വിമാനമാർഗം സിആർപിഎഫ് ഉദ്യോഗസ്ഥരെ എത്തിക്കും. ഡൽഹിയിൽ അടിയന്തരമായി സേനാവിന്യാസം ശക്തമാക്കാനാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിൻ്റെ ഉത്തരവ്.

ഡൽഹിയിലെ ക്രമസമാധാനം ശക്തിപ്പെടുത്തുന്നതിനായി കൊൽക്കത്തയിൽനിന്ന് ആകെ 20 സിആർപിഎഫ് കമ്പനികളെ വിമാനമാർഗം എത്തിക്കുന്നതായി സുരക്ഷാ വിഭാഗത്തിലെ ഔദ്യോഗിക വൃത്തങ്ങൾ വാർത്താ ഏജൻസിയായ പിടിഐയോട് അറിയിച്ചു. പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിൻ്റെ ഭാഗമായി വിന്യസിച്ചിരുന്ന സിആർപിഎഫ് കമ്പനികളെ ആണ് ഡൽഹിയിലേക്ക് എത്തിക്കുന്നത്. തെരഞ്ഞടുപ്പ് കഴിഞ്ഞെങ്കിലും സംസ്ഥാന സർക്കാരിൻ്റെ അഭ്യർത്ഥനയെ തുടർന്ന് സിആർപിഎഫ് കമ്പനികൾ ബംഗാളിൽ തുടരുകയായിരുന്നു.

ഏകദേശം 100 ഉദ്യോഗസ്ഥർ അടങ്ങുന്നതാണ് സിആർപിഎഫിൻ്റെ ഒരു കമ്പനി. ഡൽഹിയിലേക്ക് 20 കമ്പനിയെ കൂടി എത്തിക്കുന്നതോടെ രണ്ടായിരത്തോളം ഉദ്യോഗസ്ഥരെ കൂടി സർക്കാരിന് അധികമായി വിന്യസിക്കാൻ കഴിയും. സിജെപി പ്രതിഷേധത്തിൻ്റെ പശ്ചാത്തലത്തിൽ സുരക്ഷാ ശക്തമാക്കാനായി ഡൽഹി പൊലീസിന് പുറമേ, ഏകദേശം 30 കമ്പനി സിആർപിഎഫിനെയും റാപ്പിഡ് ആക്ഷൻ ഫോഴ്സിനെയും കേന്ദ്ര സർക്കാർ വിന്യസിച്ചിട്ടുണ്ട്. സിജെപി തിങ്കളാഴ്ച നടത്തിയ പ്രതിഷേധത്തെ തുടർന്ന് ഡൽഹി പൊലീസ് പത്തോളം എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ന്യൂഡൽഹി ജില്ലയുടെ പരിധിയിലെ ഒന്നിലധികം സ്റ്റേഷനുകളിലാണ് കേസെടുത്തത്.

അതേസമയം പ്രതിഷേധത്തിൽനിന്ന് പിന്നോട്ടില്ലെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് സിജെപി നേതാക്കളും പ്രവർത്തകരും. നീറ്റ് പരീക്ഷാ ചോദ്യപ്പേപ്പർ ചോർച്ചയിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെക്കുംവരെ ജന്തർ മന്തറിലെ പ്രതിഷേധം തുടരാനാണ് സിജെപിയുടെ തീരുമാനം.

Leave a Reply

Your email address will not be published. Required fields are marked *