‘മുഖ്യമന്ത്രി ഇംഗ്ലീഷിലും മലയാളത്തിലും നുണ പറയുന്നു’; ടാറ്റയിലും വഖഫിലും മുഖ്യമന്ത്രിയെ തള്ളി സിപിഎം

തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി സതീശന്‍ ഇന്ന് വാര്‍ത്താസമ്മേളനത്തില്‍ ടാറ്റ പ്രതിനിധികളുമായുള്ള ചര്‍ച്ചയെ കുറിച്ചും വഖഫ് ബോര്‍ഡിലെ അമുസ്‌ലിം നിയമനത്തെ കുറിച്ചും പറഞ്ഞത് തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് സിപിഎം. മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനം വസ്തുതാവിരുദ്ധമായ പ്രസ്താവനകളുടെ പരമ്പരയാണെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം പി. രാജീവ് പറഞ്ഞു. അമുസ്‌ലിംകളായ ആളുകളെ വഖഫ് ബോര്‍ഡില്‍ ഉള്‍പ്പെടുത്തും എന്ന നിലപാടാണ് കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാര്‍ സ്വീകരിച്ചതെന്ന് ഇന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു. ടാറ്റ കമ്പനി കേരളത്തില്‍ നിക്ഷേപം നടത്തുന്നത് സംബന്ധിച്ച് ആശയക്കുഴപ്പം ഉണ്ടായിട്ടില്ലെന്നും കൂടിക്കാഴ്ചയുടെ ഫോട്ടോ അടക്കം പുറത്തുവന്നതാണെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു. ഇതിനാണ് പി. രാജീവിന്റെ മറുപടി. ടാറ്റ കമ്പനി പ്രതിനിധികളെ മുഖ്യമന്ത്രി കണ്ടില്ലെന്ന് ആരും പറഞ്ഞിട്ടില്ലെന്ന് പി. രാജീവ് ചൂണ്ടിക്കാട്ടി. ടാറ്റയുമായുള്ള കരാര്‍ കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തുള്ളതാണ്. ടാറ്റയെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്താന്‍ മുഖ്യമന്ത്രി ശ്രമിച്ചു. കഴിഞ്ഞ സര്‍ക്കാറിന്റെ കാലത്ത് ധാരണാപത്രം ഒപ്പിട്ട ആളുകളെയാണ് മുഖ്യമന്ത്രി കണ്ടത്. ഇപ്പോള്‍ വീണിടത്ത് കിടന്ന് ഉരുളുകയാണ് മുഖ്യമന്ത്രി. നുണ ഫാക്ടറിയാണ് പ്രവര്‍ത്തിപ്പിക്കുന്നതെന്നും പി. രാജീവ് പറഞ്ഞു.

വഖഫ് ബോര്‍ഡില്‍ അമുസ്‌ലിം അംഗങ്ങളെ നിയമിക്കുന്നതില്‍ ബിജെപിക്ക് അനുകൂലമായ നിലപാടാണ് മുഖ്യമന്ത്രി സ്വീകരിക്കുന്നതെന്ന് രാജീവ് പറഞ്ഞു. മുസ്‌ലിം സമുദായത്തിനായുള്ള ഒരു സംവിധാനത്തില്‍ അതേ സമുദായക്കാര്‍ തന്നെയാണ് വേണ്ടതെന്നാണ് പ്രതിപക്ഷ നേതാവ് പറഞ്ഞത്. അമുസ്‌ലിംകളെ ഉള്‍പ്പെടുത്തരുത് എന്ന് പറയുന്നത് എങ്ങനെ വര്‍ഗീയ പരാമര്‍ശമാകും? വാചകക്കസര്‍ത്തും ശരീരഭാഷയും കൊണ്ട് നിലനില്‍ക്കാന്‍ കഴിയില്ല. വഖഫ് കേസില്‍ സുപ്രിംകോടതി ഒരു തീര്‍പ്പും കല്‍പ്പിച്ചിട്ടില്ല. ബാക്കിയുള്ള രണ്ട് അംഗങ്ങളെ ഉടന്‍ തീരുമാനിക്കുമെന്നാണ് കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാര്‍ പറഞ്ഞത്. അതില്‍ എവിടെയും അമുസ്‌ലിംകളെ ഉള്‍പ്പെടുത്തുമെന്ന് പറഞ്ഞിട്ടില്ല. ആളെ കിട്ടാഞ്ഞിട്ടല്ല എല്‍ഡിഎഫ് സര്‍ക്കാര്‍ രണ്ടുപേരെ വെക്കാതിരുന്നത്. എന്നാല്‍, യുഡിഎഫ് സര്‍ക്കാര്‍ പറയുന്നത് പൂര്‍ണമായും ഭേദഗതിയനുസരിച്ച് ചെയ്യാമെന്നാണ്.

Leave a Reply

Your email address will not be published. Required fields are marked *