കൊച്ചി: യാത്രക്കാരുടെ വര്‍ധിച്ച തിരക്ക് കണക്കിലെടുത്ത് തിരക്കേറിയ സമയങ്ങളില്‍ അധിക സര്‍വീസുമായി കൊച്ചി മെട്രോ. നാളെ (ബുധന്‍) മുതലാണ് പുതിയ ക്രമീകരണം ഏര്‍പ്പെടുത്തിയത്.
കഴിഞ്ഞ മൂന്ന് മാസമായി പ്രതിദിന യാത്രക്കാരുടെ എണ്ണത്തില്‍ ഉണ്ടായ സ്ഥിരമായ വര്‍ധന കണക്കിലെടുത്താണ് തീരുമാനം. യാത്രക്കാര്‍ക്ക് കൂടുതല്‍ സൗകര്യപ്രദമായ യാത്ര ഉറപ്പാക്കുന്നതിനായി പ്രവൃത്തി ദിവസങ്ങളിലെ (തിങ്കള്‍ മുതല്‍ ശനി വരെ) തിരക്കേറിയ സമയങ്ങളില്‍ ട്രെയിന്‍ സര്‍വീസുകളുടെ എണ്ണം വര്‍ധിപ്പിച്ചതായി കൊച്ചി മെട്രോ അറിയിച്ചു.
ജൂലൈ 22 മുതല്‍ രാവിലെ 8.00 മുതല്‍ 10.00 വരെയും വൈകീട്ട് 4.00 മുതല്‍ 7.00 വരെയും ട്രെയിനുകള്‍ 6 മിനിറ്റ് 45 സെക്കന്‍ഡ് ഇടവേളയില്‍ (Headway) സര്‍വീസ് നടത്തും. ഇതിനായി ഈ സമയങ്ങളില്‍ പ്രതിദിനം എട്ട് അധിക ട്രെയിന്‍ സര്‍വീസുകള്‍ കൂടി ആരംഭിക്കും. പുതിയ ക്രമീകരണത്തിലൂടെ യാത്രക്കാര്‍ക്ക് ട്രെയിനിനായി കാത്തുനില്‍ക്കുന്ന സമയം ഗണ്യമായി കുറയുകയും തിരക്കേറിയ സമയങ്ങളിലെ തിരക്ക് നിയന്ത്രിക്കപ്പെടുകയും കൂടുതല്‍ വേഗമേറിയതും സുഗമവും വിശ്വാസ്യതയുള്ളതുമായ യാത്രാനുഭവം ലഭ്യമാകുകയും ചെയ്യുമെന്നും കൊച്ചി മെട്രോ വ്യക്തമാക്കി.
അധിക സര്‍വീസുകള്‍ മൂന്ന് മാസത്തേക്ക് പരീക്ഷണാടിസ്ഥാനത്തിലാണ് നടപ്പാക്കുന്നത്. ഈ കാലയളവില്‍ യാത്രക്കാരുടെ പ്രതികരണം, യാത്രക്കാരുടെ എണ്ണം, പ്രവര്‍ത്തനക്ഷമത എന്നിവ വിലയിരുത്തിയ ശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നും കൊച്ചി മെട്രോ അറിയിച്ചു.
