വാഷിങ്ടൺ ഡിസി: അമേരിക്കയും സൗദി അറേബ്യയും തമ്മിൽ ചരിത്രപരമായ സമാധാന ആണവ സഹകരണ കരാറിൽ ഒപ്പുവെച്ചു. യുഎസ് ഊർജ സെക്രട്ടറി ക്രിസ് റൈറ്റും സൗദി ഊർജ മന്ത്രി അബ്ദുൾ അസീസ് ബിൻ സൽമാനുമാണ് ‘123 എഗ്രിമെൻ്റ്’ എന്നറിയപ്പെടുന്ന കരാറിൽ ഒപ്പുവെച്ചത്. ഇതോടൊപ്പം ഉഭയകക്ഷി സുരക്ഷാ കരാറും ഒപ്പുവെച്ചതായി യുഎസ് ഊർജ വകുപ്പ് പ്രസ്താവനയിൽ അറിയിച്ചു. കരാർ ഇനി അവലോകനത്തിനായി യുഎസ് കോൺഗ്രസിന് സമർപ്പിക്കും. യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപിൻ്റെ എക്സിക്യൂട്ടീവ് ഉത്തരവിൻ്റെ ചുവടുപിടിച്ചാണ് കരാർ. 1954ലെ ആണവോർജ നിയമത്തിൻ്റെ സെക്ഷൻ 123 പ്രകാരം യുഎസ് സിവിൽ ആണവ സഹകരണത്തിനായി അന്താരാഷ്ട്ര പങ്കാളികളെ വികസിപ്പിക്കാൻ ഉത്തരവ് നിർദേശിക്കുന്നുണ്ട്. അമേരിക്കൻ ആണവ സാങ്കേതികവിദ്യയുടെ കയറ്റുമതി വർധിപ്പിക്കാനും ഉയർന്ന ശമ്പളമുള്ള യുഎസ് ജോലികൾ സൃഷ്ടിക്കാനും അമേരിക്കയുടെ ഊർജ, ദേശീയ സുരക്ഷാ നില ശക്തിപ്പെടുത്താനും ആഗോള ആണവ നിർവ്യാപന മാനദണ്ഡങ്ങൾ ഊട്ടിയുറപ്പിക്കാനും അമേരിക്കയും സൗദി അറേബ്യയും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തം ആഴത്തിലാക്കാനും കരാർ സഹായിക്കും.
അമേരിക്കയും സൗദിയും കൈകോർക്കുന്നു, കരാറിൽ ഒപ്പുവെച്ച് രാജ്യങ്ങൾ
