തിരുവനന്തപുരം: സംസ്ഥാനത്തെ വനിതാ യാത്രക്കാർക്ക് കൂടുതൽ സുരക്ഷിതവും വിശ്വസനീയവുമായ രാത്രിയാത്രാ സൗകര്യം ഒരുക്കുന്നതിനായി കെഎസ്ആർടിസി പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിക്കുന്ന ‘പിങ്ക് ബസ്’ സർവീസുകൾ ഇന്ന് മുതൽ സർവീസ് ആരംഭിക്കും. സർക്കാരിന്‍റെ നൂറു ദിന കർമപരിപാടികളുടെ ഭാഗമായാണ് പദ്ധതി നടപ്പാക്കുന്നത്. പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ഉച്ചയ്ക്ക് ഒരു മണിക്ക് തിരുവനന്തപുരം സെൻട്രൽ ഡിപ്പോയിൽ ഗതാഗത വകുപ്പ് മന്ത്രി സി. പി ജോൺ നിർവഹിക്കും.
ആദ്യഘട്ടത്തിൽ തിരുവനന്തപുരം നഗരത്തിലെ ടെക്നോപാർക്ക് റൂട്ടിൽ സർവീസ് ആരംഭിക്കും. കിഴക്കേകോട്ടയിൽ നിന്ന് ആരംഭിക്കുന്ന ബസ് തമ്പാനൂർ, പട്ടം, മെഡിക്കൽ കോളേജ്, ഉള്ളൂർ, കഴക്കൂട്ടം, ടെക്നോപാർക്ക്, ഇൻഫോസിസ്, ലുലു മാൾ, കിംസ് ആശുപത്രി എന്നിവിടങ്ങൾ വഴി സർവീസ് നടത്തും. രാത്രി ഒൻപത് മണിക്ക് ശേഷം നഗരത്തിലെത്തുന്ന വനിതാ യാത്രക്കാർ, ആശുപത്രി ജീവനക്കാർ, സിനിമ കഴിഞ്ഞിറങ്ങുന്നവർ, ട്രെയിൻ മാർഗം തമ്പാനൂരിലെത്തുന്ന രോഗികളും കൂട്ടിരിപ്പുകാരും, രാത്രി പത്തിനും രാവിലെ അഞ്ചിനുമിടയിലുള്ള ഷിഫ്റ്റുകളിൽ ജോലി കഴിഞ്ഞ് മടങ്ങുന്ന ഐടി ജീവനക്കാരും ഉൾപ്പെടെ നിരവധി പേർക്ക് ഈ സർവീസ് വലിയ ആശ്വാസമാകുമെന്നാണ് പ്രതീക്ഷ.
രാത്രികാല യാത്രാ സൗകര്യം ശക്തിപ്പെടുത്തണമെന്ന ആവശ്യവുമായി ‘പ്രതിധ്വനി’ സംഘടന നൽകിയ നിവേദനവും പദ്ധതിയുടെ രൂപീകരണത്തിൽ പരിഗണിച്ചിട്ടുണ്ട്. തിരുവനന്തപുരം, എറണാകുളം ഡിപ്പോകളിൽ നിന്നുള്ള ഏറ്റവും പുതിയ ലിങ്ക് ഫാസ്റ്റ് പാസഞ്ചർ ബസുകളാണ് നിലവിൽ പിങ്ക് സർവീസിനായി വിന്യസിച്ചിരിക്കുന്നത്.
