റിയാദ്: സൗദിയും അമേരിക്കയും 30 വർഷം നീളുന്ന ആണവോർജ സഹകരണ കരാറിൽ ഒപ്പുവെച്ചു. സൗദിക്ക് വൻ നേട്ടം സൃഷ്ടിക്കുന്ന കരാറിനെതിരെ ഇസ്രായേലിന്റെയുൾപ്പെടെ എതിർപ്പ് മറികടന്നാണ് യുഎസ് ഭരണകൂടത്തിന്റെ തീരുമാനം. സമാധാന ആവശ്യങ്ങൾക്കായി സൗദിക്ക് യുറേനിയും സമ്പുഷ്ടീകരിക്കാൻ കരാർ അവസരമൊരുക്കും. യുഎസ് കമ്പനികളാകും ആണവോർജ പദ്ധതിക്ക് നേതൃത്വം നൽകുക. മാസങ്ങൾ നീണ്ട ചർച്ചകൾക്കൊടുവിൽ കഴിഞ്ഞ ദിവസമാണ് സൗദിയും യുഎസും തമ്മിലുള്ള 30 വർഷത്തെ ആണവ സഹകരണ കരാറിന് ട്രംപ് അംഗീകാരം നൽകിയത്. ഇതിന് പിന്നാലെയാണ് കരാർ ഒപ്പിട്ടതായി യുഎസിലേയും സൗദിയിലേയും ഊർജ മന്ത്രാലയങ്ങളുടെ ഔദ്യോഗിക പ്രഖ്യാപനം. സൗദിക്ക് ആണവോർജം നൽകുന്നതിനെതിരെ യുഎസിലെ ഒരു വിഭാഗവും ഇസ്രായേലിലെ കക്ഷികളും രംഗത്തു വന്നിരുന്നു. സൗദി അറേബ്യ ആണവായുധം നിർമിക്കുന്നത് തടയാനാവശ്യമായ കർശന ചട്ടങ്ങൾ കരാറിലില്ലെന്നാണ് ഇവരുടെ ആക്ഷേപം. ഇറാന് പുറമെ സൗദിയിലും ആണവ പദ്ധതികൾ ഇസ്രായേൽ സംശയത്തോടെയാണ് കാണുന്നത്. അതേ സമയം വൈദ്യുതി, ഇന്ധനം എന്നിങ്ങിനെ സമാധാന ആവശ്യങ്ങൾക്കായാണ് കരാർ ഉപയോഗപ്പെടുത്തുകയെന്ന് സൗദി ഊർജ മന്ത്രാലയം കൂട്ടിച്ചേർത്തു.
സൗദിക്ക് ആണവോർജം നൽകാൻ 30 വർഷം നീളുന്ന കരാറിൽ ഒപ്പുവെച്ച് അമേരിക്ക
