‘വിജയ്‌ എന്ന മുഖ്യമന്ത്രിയുടെ ആദ്യ ചിത്രമാണ് ജനനായകൻ’; എച്ച്. വിനോദ്

ളപതി വിജയുടെ സിനിമാ ജീവിതത്തിലെ അവസാന സിനിമയാണ് ജനനായകൻ. വിജയ് തമിഴ്നാട് മുഖ്യമന്ത്രി ആയ ശേഷം തിയേറ്ററിൽ ആഘോഷമാക്കാൻ ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം കൂടിയാണിത്. കാത്തിരിപ്പുകൾക്ക് വിരാമമിട്ട് ചിത്രം ജൂലൈ 23 ന് റിലീസാകുകയാണ്. ഏറെ പ്രതിസന്ധികൾ താണ്ടിയാണ് ജന നായകൻ തിയേറ്ററിൽ എത്തുന്നത്. ഇപ്പോഴിതാ ‘ജന നായകനെ’ വിജയ്‌യുടെ അവസാന ചിത്രമായി കാണരുതെന്നും അധികാരത്തിലിരിക്കുന്ന ഒരു മുഖ്യമന്ത്രിയുടെ ആദ്യ ചിത്രമായി വേണം കാണാൻ എന്നും സംവിധായകൻ എച്ച് വിനോദ് പറയുന്നു.

‘ഇത് അദ്ദേഹത്തിന്റെ അവസാന ചിത്രമാണോ എന്ന് ആർക്കും ഉറപ്പിച്ചു പറയാൻ കഴിയില്ല. പക്ഷേ ഇത് മുഖ്യമന്ത്രി വിജയ് സാറിന്റെ ആദ്യ ചിത്രമാണെന്ന് പറയാം. ഇത് വെറുമൊരു കൊമേഴ്സ്യൽ സിനിമ മാത്രമല്ല, വളരെ പ്രധാനപ്പെട്ട ഒരു രാഷ്ട്രീയവും കൂടി പറയുന്ന ചിത്രമാണ്. ഈ സിനിമ വളരെ സെൻസിബിൾ ആയതും സെൻസിറ്റീവ് ആയ രാഷ്ട്രീയത്തെക്കുറിച്ചാണ് സംസാരിക്കുന്നത്. ടിവികെയെ പ്രശംസിക്കുന്ന പടമോ, വിജയ് സാറിനെ പുകഴ്ത്തുന്ന പടമോ ഒന്നുമല്ല ഇത്.ഇത് വളരെ സെൻസിറ്റീവായ രാഷ്ട്രീയം പറയുന്ന സിനിമയാണ്. ആളുകൾ ഈ രാഷ്ട്രീയം കണ്ടിട്ടുണ്ടെങ്കിലും അല്ലെങ്കിൽ ഇതിനോടകം തന്നെ അറിഞ്ഞിട്ടുണ്ടെങ്കിലും, ഇത് കണ്ട് കഴിയുമ്പോൾ ഒരുപാട് ചർച്ചകൾക്ക് വഴിയൊരുക്കുമെന്ന് ഞാൻ കരുതുന്നു. സിനിമയുടെ ലീക്ക് ആയ പതിപ്പ് നിങ്ങൾ കണ്ടിട്ടുണ്ടെങ്കിലും, നിങ്ങൾ തിയറ്ററിൽ വന്ന് ഈ സിനിമയെ പിന്തുണയ്ക്കണം. കാരണം ഈ സിനിമ ഉയർത്തുന്ന പ്രശ്‌നങ്ങളെക്കുറിച്ച് ചർച്ചകൾ നടക്കണം. എ സർട്ടിഫിക്കറ്റിനെതിരെ പോരാടാൻ ഞങ്ങൾക്ക് കഴിഞ്ഞില്ല. കുട്ടികൾക്ക് സിനിമ കാണാൻ കഴിയില്ലെന്ന് വിജയ് സാറിനും നിർമാതാവിനും ആശങ്കയുണ്ട്,’ എച്ച് വിനോദ് പറഞ്ഞു.

ആദ്യ ദിനം വലിയ നേട്ടം തന്നെ ജനനായകൻ കൊയ്യുമെന്നാണ് കണക്കുകൂട്ടൽ. ചിത്രത്തിന് സെൻസർ ബോർഡ് എ സർട്ടിഫിക്കറ്റ് ആണ് നൽകിയത്.ജനനായകൻ ചിത്രത്തിലെ പ്രധാന റോളുകളിൽ ബോബി ഡിയോൾ, പൂജാഹെഡ്ഗെ, പ്രകാശ് രാജ്, ഗൗതം വാസുദേവ് മേനോൻ, നരേൻ, പ്രിയാമണി, മമിതാ തുടങ്ങി വമ്പൻ താരനിരയാണ് ചിത്രത്തിലുള്ളത്. കലാ മൂല്യമുള്ളതും നിലവാരമുള്ളതുമായ സിനിമകൾ നിർമിച്ച വെങ്കട്ട് കെ നാരായണ ആണ് കെ വി എൻ പ്രൊഡക്ഷന്റെ പേരിൽ ജനനായകൻ നിർമിച്ചിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *