നടൻ മാധവൻ്റെ ക്യാബിന് മുന്നിൽ പോസ്റ്റർ പതിച്ച് വിദ്യാർഥികളുടെ പ്രതിഷേധം

ന്യൂഡൽഹി: രാജ്യത്തെ നീറ്റ് പരീക്ഷാ ചോദ്യപേപ്പർ ചോർച്ചയിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് ഡൽഹി ജന്ദർ മന്ദറിൽ നടക്കുന്ന പ്രക്ഷോഭത്തിൽ നിശബ്ദത പാലിക്കുന്ന നടനും ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ ചെയർമാനുമായ ആർ. മാധവനെതിരെ പ്രതിഷേധവുമായി വിദ്യാർത്ഥികൾ. പ്രസിദ്ധമായ ഇൻസ്റ്റിറ്റ്യൂട്ടിലെ ചെയർമാൻ പദവിയിലിരുന്നിട്ടും രാജ്യത്തെ ലക്ഷക്കണക്കിന് വിദ്യാർഥികളെ ബാധിക്കുന്ന വിഷയത്തിൽ മാധവൻ പ്രതികരിക്കാത്തതാണ് വിദ്യാർഥികളെ ചൊടിപ്പിച്ചത്. എഫ്ടിഐഐ ക്യാമ്പസിലെ ആർ.മാധവന്റെ ക്യാബിൻ വാതിലിൽ വിദ്യാർഥികൾ പതിച്ച പോസ്റ്റർ ഇൻസ്റ്റാഗ്രാമിൽ വൻതോതിൽ പ്രചരിക്കുകയാണ്.

‘ഗയാബ്’ മീം ചിത്രീകരിച്ച പോസ്റ്ററിൽ ‘നീറ്റ് വിൽപ്പനക്ക്’ എന്നും എഴുതിയിട്ടുണ്ട്. ഒരു പ്രമുഖ രാജ്യന്തര സ്ഥാപനത്തിന്റെ അധ്യക്ഷൻ എന്ന നിലയിൽ വിഷയത്തിൽ നിലപാട് വ്യക്തമാക്കാൻ ആയിരക്കണക്കിന് ആളുകളാണ് സോഷ്യൽ മീഡിയയിലൂടെ മാധവനോട് ആവശ്യപ്പെടുന്നത്.
സാമൂഹിക മാറ്റങ്ങൾക്കും യുവാക്കളുടെ അവകാശങ്ങൾക്കും വേണ്ടി ശബ്ദമുയർത്തുന്ന രംഗ് ദേ ബസന്തി, 3 ഇഡിയറ്റ്‌സ്, കേസരി ചാപ്റ്റർ 2 തുടങ്ങിയ പ്രശസ്തമായ ചിത്രങ്ങളിൽ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്ത നടനാണ് ആർ. മാധവൻ. ഇത്തരം സിനിമകളിലൂടെ ജനമനസ്സുകളിൽ ശക്തമായ പ്രതിച്ഛായ സൃഷ്ടിച്ച മാധവൻ, രാജ്യത്തെ പിടിച്ചുലക്കുന്ന നീറ്റ് പരീക്ഷാ വിവാദത്തിലും വിദ്യാർഥി പ്രക്ഷോഭത്തിലും മൗനം പാലിക്കുന്നത് വലിയ വിമർശനങ്ങൾക്കാണ് വഴിതുറന്നിരിക്കുന്നത്.

വെള്ളിത്തിരയിൽ അനീതിക്കെതിരെ പോരാടുന്ന കഥാപാത്രങ്ങളെ അവതരിപ്പിച്ച താരം, യഥാർഥ ജീവിതത്തിൽ ഒരു പ്രമുഖ ദേശീയ സ്ഥാപനത്തിന്റെ ചെയർമാൻ പദവിയിലിരുന്നിട്ടും മിണ്ടാതിരിക്കുന്നത് കടുത്ത വഞ്ചനയാണെന്നാണ് വിദ്യാർഥികളുടെയും സിനിമാസ്‌നേഹികളുടെയും പക്ഷം.വിദ്യാർഥികളുടെ ഈ വേറിട്ട പ്രതിഷേധത്തിന് ബോളിവുഡ് ചലച്ചിത്ര മേഖലയിൽ നിന്നുപോലും വലിയ പിന്തുണയാണ് ലഭിക്കുന്നത്. നടൻ അഭയ് വർമ വിദ്യാർഥികൾ പങ്കുവെച്ച ഈ ഇൻസ്റ്റഗ്രാം പോസ്റ്റ് ലൈക്ക് ചെയ്തുകൊണ്ട് തന്റെ പിന്തുണ രേഖപ്പെടുത്തി. നടൻ സോഹം മജുംദാർ പോസ്റ്റിന് താഴെ ‘പ്രതീക്ഷിച്ചത് തന്നെ’ എന്ന് കമന്റ് ചെയ്തുകൊണ്ട് മാധവന്റെ ഈ നിലപാടിനോടുള്ള തന്റെ വിയോജിപ്പ് വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *