തിരുവനന്തപുരം: കാർഷിക സർവകലാശാലയിലെ കോളജുകളിൽ ഡി.ജെ പരിപാടികൾ നടത്തരുതെന്ന ഉത്തരവ് കൃഷി മന്ത്രിയുടെ മുന്നിൽ വെച്ച് കീറിയെറിഞ്ഞ് യൂണിയൻ ചെയർമാൻ. കോളജ് യൂണിയൻ ഉദ്ഘാടനത്തിൽ മന്ത്രി ടി. സിദ്ധീഖ് വേദിയിലിരിക്കെ രജിസ്ട്രാറുടെ മുന്നിലേക്കാണ് യൂണിവേഴ്സിറ്റി യൂണിയൻ ചെയർമാൻ ഹരിനന്ദൻ ഉത്തരവ് കീറിയെറിഞ്ഞത്. ഡിജെ പരിപാടികൾ തടയണമെന്ന സർവ്വകലാശാല രജിസ്ട്രാറുടെ ഉത്തരവിനെതിരെയാണ് ഈ പ്രതിഷേധം ഉണ്ടായത്.
കാർഷിക സർവകലാശാലയുടെ യൂണിയൻ ഉദ്ഘാടനത്തിനായിരുന്നു കൃഷിമന്ത്രി ടി. സിദ്ധീഖ് എത്തിയത്. മന്ത്രി വേദിയിലിരിക്കുമ്പോഴാണ് ഇത്തരത്തിൽ ഉത്തരവിനെതിരെ യൂണിയൻ ചെയർമാൻ രംഗത്തെത്തിയത്. സർവ്വകലാശാലയ്ക്ക് കീഴിലുള്ള കോളജുകളിൽ ഡി.ജെ, മ്യൂസിക്കൽ പരിപാടികൾ തുടങ്ങിയ വിനോദ പരിപാടികൾ വിലക്കിക്കൊണ്ട് അടുത്തിടെ രജിസ്ട്രാർ ഉത്തരവിട്ടിരുന്നു. ഇതിനെതിരെയാണ് യൂണിവേഴ്സിറ്റി യൂണിയൻ ചെയർമാൻ ഹരിനന്ദൻ വേദിയിലെത്തി ഉത്തരവ് രജിസ്ട്രാറുടെ മുന്നിൽ വെച്ച് കീറിയെറിഞ്ഞത്.
മറ്റു സർവ്വകലാശാലകളെ അപേക്ഷിച്ച് കാർഷിക സർവകലാശാലയിൽ എന്തുകൊണ്ട് ഇത്തരം പരിപാടികൾ നടക്കുന്നില്ല എന്നതടക്കമുള്ള ചോദ്യങ്ങൾ വിദ്യാർത്ഥികളിൽ നിന്ന് ഉയരുന്നുണ്ടെന്ന് ചൂണ്ടിക്കാണിച്ചാണ് മന്ത്രി വേദിയിലിരിക്കുമ്പോൾ ഉത്തരവ് കീറിയെറിഞ്ഞത്.13 വർഷങ്ങൾക്ക് ശേഷമാണ് എസ്.എഫ്.ഐയിൽ നിന്ന് കെ.എസ്.യു ഈ സർവ്വകലാശാല യൂണിയൻ പിടിച്ചെടുത്തത്. യു.ഡി.എഫ്. സർക്കാർ അധികാരത്തിലെത്തിയതിന് ശേഷം, സർവ്വകലാശാലാ രജിസ്ട്രാറുടെ ഭാഗത്തുനിന്ന് ഇത്തരമൊരു നടപടിയുണ്ടാകുന്നത് ഒരു കാരണവശാലും അംഗീകരിക്കാൻ കഴിയില്ലെന്നും വ്യക്തമാക്കിക്കൊണ്ടാണ് പരസ്യമായി ഉത്തരവ് കീറിയെറിഞ്ഞ് പ്രതിഷേധം അറിയിച്ചത്.
