കൊച്ചി: മഹാരാജാസ് കോളേജിലെ എസ്എഫ്‌ഐ നേതാവായിരുന്ന അഭിമന്യുവിന്റെ കൊലപാതകത്തില്‍ വിചാരണ തുടങ്ങാനിരിക്കെ പ്രതികള്‍ക്കെതിരെ ഒരു വകുപ്പ് കൂടി ചുമത്താന്‍ നീക്കം. പ്രതികള്‍ക്കെതിരെ ഐപിസി 323 ചുമത്താനാണ് പ്രോസിക്യൂഷന്‍ അപേക്ഷ നല്‍കിയിരിക്കുന്നത്. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലാണ് അപേക്ഷ നല്‍കിയിരിക്കുന്നത്. കേസ് ഈ മാസം 28 ന് വീണ്ടും പരിഗണിക്കും. അഭിമന്യു വധക്കേസില്‍ ഇന്ന് വിചാരണ തീയതി നിശ്ചയിക്കുമെന്നാണ് കരുതിയിരുന്നത്.
ബോധപൂര്‍വം പരിക്കേല്‍പ്പിക്കുക എന്ന കുറ്റകൃത്യമാണ് ഐപിസി 323ന് കീഴില്‍ വരുന്നത്. അഭിമന്യുവിനെ മര്‍ദിച്ച പ്രതികള്‍ക്ക് രക്ഷപ്പെടാനുള്ള പഴുതടയ്ക്കാനാണ് പ്രോസിക്യൂഷന്റെ അസാധാരണ നീക്കം. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് പെറ്റീഷന്‍ പരിഗണിക്കുന്നത്. പ്രതിഭാഗത്തോട് ഇത് സംബന്ധിച്ച മറുപടി കോടതി തേടും. കൊലപാതകം, കൊലപാതക ശ്രമം, അന്യായമായി സംഘം ചേരല്‍ തുടങ്ങിയ എട്ട് വകുപ്പുകളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസം കുറ്റപത്രം പ്രതികളെ വായിച്ച് കേള്‍പ്പിക്കുകയും പ്രതികള്‍ ഇത് നിഷേധിക്കുകയും ചെയ്തിരുന്നു. എന്നാല്‍ എട്ട് വര്‍ഷത്തിന് ശേഷം മാത്രം വാദം തുടങ്ങുന്ന കേസില്‍ പുതിയ വകുപ്പ് കൂടി ചേര്‍ക്കുമ്പോള്‍ തുടര്‍നടപടികളില്‍ കാലതാമസം വന്നേക്കുമെന്ന വിലയിരുത്തലുമുണ്ട്. പുതിയ വകുപ്പ് ചേര്‍ക്കുന്നതില്‍ പ്രതിഭാഗം എതിര്‍പ്പ് അറിയിച്ചാല്‍ പിന്നീട് അതില്‍ അടക്കം വാദം കേട്ടതതിന് ശേഷം മാത്രമേ കേസിലേക്ക് കടക്കാനാകൂ എന്നതാണ് പ്രധാന പ്രതിസന്ധി.
2018 ജൂലൈ രണ്ടിനായിരുന്നു മഹാരാജാസ് കോളേജില്‍ വെച്ച് അഭിമന്യു കൊലചെയ്യപ്പെടുന്നനത്. ക്യാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകരാണ് കൊലപാതകത്തിന് പിന്നിലെന്നാണ് എസ്എഫ്‌ഐ ആരോപിക്കുന്നത്. പിന്നാലെ പല തവണ കേസ് വിവാദത്തിലായിരുന്നു. ഇതിലെ മുഖ്യ പ്രതിയായ സഹലിനെ പിടികൂടാത്തതില്‍ ആദ്യം വലിയ വിവാദമുയര്‍ന്നിരുന്നു. കോടതിയുടെ കസ്റ്റഡിയിലിരിക്കെ സുപ്രധാനമായ 11 രേഖകള്‍ കാണാതായെന്നും വിവരം പുറത്തു വന്നിരുന്നു. എട്ട് വര്‍ഷം കേസിന്റെ വിചാരണ നീണ്ടു പോയതിലടക്കം വലിയ വിമര്‍ശനങ്ങളും ഉയര്‍ന്നിരുന്നു.
