‘സമരം ചെയ്യുന്നതിനുള്ള നിയന്ത്രണം അംഗീകരിക്കാൻ സാധിക്കില്ല’; കേന്ദ്രത്തിനെതിരേ സമരത്തിന് ഒരുങ്ങി ബിഎംഎസ്

കൊല്ലം: മറ്റ് തൊഴിലാളിസംഘടനകളുമായി ചേർന്ന് കേന്ദ്ര സർക്കാരിനെതിരേ പ്രത്യക്ഷസമരത്തിന് സംഘപരിവാർ സംഘടനയായ ബി.എം.എസ്. ഒരുങ്ങുന്നു. 2014-ൽ മോദി സർക്കാർ അധികാരമേറ്റശേഷം ആദ്യമായാണ് രൂക്ഷമായ സമരത്തിന് ഒരു പരിവാർ സംഘടന രംഗത്തുവരുന്നത്. വാജ്പേയ് മന്ത്രിസഭയുടെ കാലത്തടക്കം സംയുക്ത തൊഴിലാളിസംഘടനാ പണിമുടക്കുകളിൽ പങ്കെടുത്തിരുന്ന ബി.എം.എസ്. മോദി സർക്കാർ വന്നതോടെ സമരത്തിൽനിന്നു പിന്മാറിയതാണ്. ലേബർ കോഡിലെ തൊഴിലാളിവിരുദ്ധ വ്യവസ്ഥകൾക്കെതിരേയാണ് ബി.എം.എസിന്റെ സമരം.

25 മുതൽ നാലുദിവസം ഝാർഖണ്ഡിലെ റാഞ്ചിയിൽ നടക്കുന്ന ബി.എം.എസ്. ദേശീയ ഭാരവാഹി യോഗത്തിൽ സമരംസംബന്ധിച്ച് അന്തിമതീരുമാനമെടുക്കും. ബ്രിക്സ് ഊർജമന്ത്രിമാരുടെ യോഗം കഴിയുന്നതുവരെ സമരം ഒഴിവാക്കാൻ നേരത്തേ നേതൃതലത്തിൽ തീരുമാനമുണ്ടായിരുന്നു. ആ പരിപാടി കഴിഞ്ഞ സാഹചര്യത്തിലാണ്‌ ശക്തമായ സമരം തുടങ്ങണമെന്ന് ബി.എം.എസ്. ദേശീയനേതൃത്വത്തിലെ പ്രബലവിഭാഗം ആവശ്യപ്പെടുന്നത്. സർക്കാരിനെ തിരുത്തിയാൽ മതിയെന്നും പരസ്യമായ സമരം വേണ്ടെന്നും അഭിപ്രായമുള്ളവരുമുണ്ട്.

വ്യവസായബന്ധ കോഡ്, തൊഴിലിടസുരക്ഷാ കോഡ് എന്നിവയിലെ വ്യവസ്ഥകളിലാണ് ബി.എം.എസിന്റെ പ്രധാന എതിർപ്പ്. ഇക്കാര്യം തുടക്കംമുതൽ ബി.എം.എസ്. പരസ്യമായി പ്രകടിപ്പിച്ചിരുന്നെങ്കിലും സർക്കാർവിരുദ്ധസമരത്തിനു തയ്യാറായിരുന്നില്ല. തർക്കമുന്നയിച്ച ബി.എം.എസ്. ദേശീയനേതൃത്വത്തെ അനുനയിപ്പിക്കാൻ കേന്ദ്ര തൊഴിൽമന്ത്രി മൻസുഖ് മാണ്ഡവ്യ ചർച്ച നടത്തിയിരുന്നു. ചട്ടം നിലവിൽവരുമ്പോൾ ബി.എം.എസ്. നിർദേശിച്ച മാറ്റങ്ങൾ വരുത്താമെന്ന് ഉറപ്പുനൽകി. പക്ഷേ, ഇത്‌ പാലിക്കപ്പെട്ടില്ല. കരട് നിയമത്തിലുള്ള വ്യവസ്ഥകൾ ചട്ടം രൂപവത്കരിക്കുമ്പോൾ തിരുത്താനാകില്ലെന്നതായിരുന്നു കാരണം.സംഘടിക്കാനുള്ള അവകാശം ഇല്ലാതാക്കൽ, സമരം ചെയ്യുന്നതിനുള്ള നിയന്ത്രണം, 300 തൊഴിലാളികൾവരെയുള്ള സ്ഥാപനങ്ങൾ അടച്ചുപൂട്ടാനുള്ള വ്യവസ്ഥകൾ തുടങ്ങിയവയൊന്നും അംഗീകരിക്കാനാകില്ലെന്ന് ബി.എം.എസ്. ദേശീയ വൈസ് പ്രസിഡന്റ് ഉണ്ണിക്കൃഷ്ണൻ ഉണ്ണിത്താൻ പറഞ്ഞു. സംയുക്തസമരത്തിനുള്ള സാധ്യത തേടുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഇ.പി.എഫ്. മിനിമം പെൻഷൻ തുക വർധിപ്പിക്കുമെന്നും ഇ.എസ്.ഐ., പി.എഫ്. പരിധി ഉയർത്തുമെന്നും പുരിയിൽ നടന്ന ബി.എം.എസ്. അഖിലേന്ത്യാ സമ്മേളനത്തിൽ മന്ത്രി മൻസുഖ് മാണ്ഡവ്യ ഉറപ്പ് നൽകിയിരുന്നു. ഇത് പാലിക്കാത്തതിലും ബി.എം.എസിന് അമർഷമുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *