താഴെത്തട്ടുമുതൽ തിരുത്തൽ, സർക്കാരിനെതിരെ സമരപരമ്പരയെന്ന് എം വി ഗോവിന്ദൻ

തിരുവനന്തപുരം: താഴേത്തട്ടുമുതൽ നേതൃത്വംവരെ ആവശ്യമായ തിരുത്തലുകൾവരുത്തി സംസ്ഥാനത്തെ പാർട്ടി സംവിധാനം അടിമുടി പുതുക്കിപ്പണിയുമെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പറഞ്ഞു. നിയമസഭാ തിരഞ്ഞെടുപ്പു തോൽവിയുമായി ബന്ധപ്പെട്ട്‌ സി.പി.എം. കേന്ദ്ര കമ്മിറ്റി തയ്യാറാക്കിയ റിപ്പോർട്ടിൽ സംഘടനാ സംവിധാനത്തിൽ വരുത്തേണ്ട മാറ്റങ്ങൾ നിർദേശിച്ചിട്ടുണ്ട്. സെപ്റ്റംബർ 13 മുതൽ 15 വരെ നടക്കുന്ന പ്രത്യേക സംസ്ഥാന സമിതി ഇത് ചർച്ചചെയ്യും. മാറ്റങ്ങൾ മേൽഘടകംമുതൽ കീഴ്ഘടകങ്ങൾവരെ നടപ്പാക്കും. സംഘടനാപരമായ ദൗർബല്യങ്ങൾ കണ്ടെത്തി പരിഹരിക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പത്രസമ്മേളനത്തിൽ വ്യക്തമാക്കി.

വ്യക്തികളുടെയോ സ്ഥാനങ്ങളുടെയോ മാറ്റമല്ല, നിലപാടുകളും ചിന്താഗതികളുമടക്കമുള്ള മാറ്റമാകും ഇത് -അദ്ദേഹം പറഞ്ഞു.മഴ കുറയുമെന്ന് മേയിൽത്തന്നെ മുന്നറിയിപ്പ് കിട്ടിയിട്ടും ക്രമീകരണങ്ങൾ ചെയ്യാത്ത സർക്കാരിന്റെ പിടിപ്പുകേടു കാരണമാണ് വൈദ്യുതിപ്രതിസന്ധിയുണ്ടായത്. അടിക്കടിയുണ്ടാകുന്ന പവർകട്ടിനെതിരേ ഞായറാഴ്ച ലോക്കൽ കേന്ദ്രങ്ങളിൽ പ്രതിഷേധയോഗവും വീടുകളിൽ രാത്രി ഏഴിന് മെഴുകുതിരി കത്തിച്ചു പ്രതിഷേധവും സംഘടിപ്പിക്കും. തദ്ദേശസ്ഥാപനങ്ങൾക്കുള്ള ഫണ്ട് വെട്ടിക്കുറച്ച സർക്കാർ നടപടിക്കെതിരേ 30-ന് സെക്രട്ടേറിയറ്റിലേക്ക്‌ ഇടതു ജനപ്രതിനിധികളുടെ മാർച്ച് സംഘടിപ്പിക്കും.അടുത്തമാസം ഒന്ന്, മൂന്ന് തീയതികളിൽ തദേശസ്ഥാപനങ്ങളുടെ മുന്നിലും ഇടതുമുന്നണിയുടെ നേതൃത്വത്തിൽ പ്രതിഷേധ പരിപാടി സംഘടിപ്പിക്കും. പാർട്ടി കേന്ദ്രകമ്മിറ്റി അംഗം പി.കെ. ശ്രീമതിക്കെതിരേ തെറ്റായ വാർത്ത പ്രചരിപ്പിച്ച മാധ്യമങ്ങൾക്കെതിരേ നിയമനടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

വഖഫ് ബോർഡിൽ വർഗീയ ധ്രുവീകരണം നടത്താനുള്ള സംഘപരിവാർ അജൻഡ നടപ്പാക്കാൻ വ്യഗ്രതകാട്ടുകയാണ് യു.ഡി.എഫ്. സർക്കാരും മുസ്‌ലിം ലീഗുമെന്ന് എം.വി. ഗോവിന്ദൻ പറഞ്ഞു. ബോർഡിൽ രണ്ട് അമുസ്‌ലിങ്ങളെ ഉൾപ്പെടുത്തണമെന്ന കേന്ദ്ര നിർദേശത്തിനെതിരേ മുൻസർക്കാർ സുപ്രീംകോടതിൽ നൽകിയ ഹർജി നിലനിൽക്കുകയാണ്. ഈ ഹർജി തള്ളിയെന്നാണ് കഴിഞ്ഞദിവസം മുഖ്യമന്ത്രി വി.ഡി. സതീശൻ അസത്യം പറഞ്ഞത്. തീർപ്പാകാത്ത കേസ് തീർന്നു എന്ന് പ്രചരിപ്പിച്ച് അമുസ്‌ലിങ്ങളെ ബോർഡിൽ തിരുകിക്കയറ്റാനാണ് ശ്രമം. ഇതിന് അനുകൂലനിലപാടെടുക്കുന്ന മുസ്‌ലിം ലീഗ് ആത്മവഞ്ചനയാണ് നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *