ആലപ്പുഴ: നെഹ്റു ട്രോഫി വള്ളംകളിയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട വിവാദ ടെൻഡർ റദ്ദാക്കി എൻടിബിആർ സൊസൈറ്റി. കോൺഗ്രസ് ജനപ്രതിനിധികളിൽ നിന്നുപോലും വിമർശനം ഉയർന്ന പശ്ചാത്തലത്തിലാണ് നെഹ്റു ട്രോഫി ജലമേളയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട കരാർ ഓസ്കാർ ഇവൻ്റ്സിന് നൽകാനുള്ള തീരുമാനത്തിൽനിന്ന് സംഘാടകർ പിന്നോട്ട് പോയത്. സ്റ്റേജ് അടക്കം ക്രമീകരണങ്ങൾ ഒരുക്കാൻ പുതിയ ടെൻഡറും വിളിച്ചു.
കൊച്ചി കലൂർ സ്റ്റേഡിയത്തിൽ ഉമ തോമസ് എംഎൽഎ വീണുപരിക്കേറ്റ സംഭവത്തിൽ ആരോപണ വിധേയരായ ഇവൻ്റ് മാനേജ്മെൻ്റ് കമ്പനിയെ നെഹ്റു ട്രോഫി നടത്തിപ്പ് ഏൽപ്പിക്കാനുള്ള നീക്കമാണ് വിവാദത്തിൽ ആയത്. സ്റ്റേജ് മാനേജ്മെൻ്റ് അടക്കമുള്ള കാര്യങ്ങൾ ഈവൻ്റ് മാനേജ്മെൻ്റ് കമ്പനിയെ ഏൽപ്പിക്കാനായിരുന്നു വെള്ളിയാഴ്ച ചേർന്ന എൻടിബിആർ സൊസൈറ്റി യോഗം തീരുമാനിച്ചത്. എന്നാൽ യോഗത്തിൽ പങ്കെടുത്ത കോൺഗ്രസ് ജനപ്രതിനിധികൾ അടക്കമുള്ളവർ ഇതിനെതിരെ എതിർപ്പ് ഉയർത്തുകയായിരുന്നു. ഈവൻ്റ് മാനേജ്മെൻ്റ് കമ്പനി പ്രതിനിധികളും യോഗത്തിൽ പങ്കെടുത്തിരുന്നു.
ഓസ്കാർ ഇവൻ്റ്സിന് ടെൻഡർ നൽകാനുള്ള തീരുമാനത്തിന് പിന്നിൽ ക്രമക്കേട് നടന്നിട്ടുണ്ടെന്നായിരുന്നു ആരോപണം. കൂടാതെ, കലൂർ സ്റ്റേഡിയത്തിലെ അപകടത്തെ തുടർന്ന് വിവാദത്തിൽപെട്ട കമ്പനിയെ നെഹ്റു ട്രോഫി ട്രോഫി വള്ളംകളി പോലുള്ള പതിനായിരക്കണക്കിന് ആളുകൾ പങ്കെടുക്കുന്ന പരിപാടിക്ക് ഈവൻ്റ് മാനേജ്മെൻ്റ് ഏൽപ്പിക്കുന്നതിലും ചോദ്യം ഉയർന്നു.
അതേസമയം ജൂലൈ 31 വരെ പുതിയ ടെൻഡറുകൾ സ്വീകരിക്കും. വള്ളംകളി നടത്തിപ്പിലേക്ക് ആവശ്യമായ പന്തൽ, വിവിഐപികൾക്ക് ഭക്ഷണം, ഇലക്ട്രിക്കൽ, എൽഇഡി വാൾ, സിസിടിവി, അതിവേഗ ഇന്റർനെറ്റ് സൗകര്യം തുടങ്ങിയ വിവിധ പ്രവൃത്തികൾക്കാണ് മുൻപരിചയമുള്ള ഏജൻസികളിൽനിന്ന് എൻടിബിആർ ഇൻഫ്രാസ്ട്രക്ചർ കൺവീനർ റീ ടെൻഡര് ക്ഷണിച്ചത്. ഓഗസ്റ്റ് 22നാണ് ആലപ്പുഴ പുന്നമടക്കായലിൽ 72-ാമത് നെഹ്റു ട്രോഫി വള്ളംകളി നടക്കുക. ഇത്തവണ രാഹുൽ ഗാന്ധിയെ വള്ളംകളിയിൽ പങ്കെടുപ്പിക്കാനും നീക്കമുണ്ട്. ഇതിനിടെയാണ് ഈവൻ്റ് മാനേജ്മെൻ്റ് കമ്പനിയെ ചൊല്ലി വിവാദമുണ്ടായത്.
