തിരുവനന്തപുരം: കെപിസിസിയ്ക്ക് മുഴുവൻ സമയ പ്രസിഡൻ്റ് വേണമെന്ന് ആരോഗ്യമന്ത്രി കെ മുരളീധരൻ. ഒരു മാസത്തിനകം തീരുമാനം ഉണ്ടാകുമെന്നാണ് പ്രതീക്ഷ. ജനപ്രതിനിധികൾ അല്ലാത്തവർ പ്രസിഡൻ്റ് ആയി വേണമെന്നും കെ മുരളീധരൻ അഭിപ്രായപ്പെട്ടു. എംഎൽഎമാർക്കും എംപിമാർക്കും ജോലി കൂടുതലാണ്. എംപിമാർ ആവശ്യപ്പെടുന്നതിൽ തെറ്റില്ല പക്ഷെ ഭരണകക്ഷി ആകുമ്പോൾ ഭരണവിരുദ്ധ വികാരം ഉണ്ടാകുന്നത് പ്രതിരോധിക്കാൻ മുഴുവൻ സമയ പ്രസിഡൻ്റ് വേണം. തൻ്റെ മനസ്സിൽ പ്രസിഡൻ്റ് സ്ഥാനത്തേക്ക് ആരുമില്ലെന്നും ഹൈക്കമാൻഡ് തന്നെ അക്കാര്യങ്ങൾ തീരുമാനിക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു. വിഷയം ചർച്ച ചെയ്യാൻ കെ സി വേണുഗോപാലുമായി വൈകീട്ട് കൂടിക്കാഴ്ച നടത്തുമെന്നും കെ മുരളീധരൻ വ്യക്തമാക്കി.
പുതിയ മെഡിക്കൽ കോളജുകൾക്കും എയിംസിനും ഉള്ള പ്രൊപ്പോസൽ നൽകും. മുൻകാലങ്ങളിൽ തടഞ്ഞുവെച്ച കേന്ദ്ര ഫണ്ടുകൾ റിലീസ് ചെയ്യണമെന്ന് ആവശ്യപ്പെടും. എയിംസ് സ്ഥലത്തിന്റെ കാര്യത്തിൽ സർക്കാരിന് പിടിവാശിയില്ല. സ്ഥലം മാർക്ക് ചെയ്തു കൊടുത്തിട്ടുണ്ട്. ഹരിപ്പാടിന് സൂപ്പർ സ്പെഷ്യാലിറ്റി മെഡിക്കൽ കോളജ് ആക്കാൻ ആണ് ഉദ്ദേശിക്കുന്നത്. കെ കരുണാകരൻ സ്മാരക മെഡിക്കൽ കോളജിന് അംഗീകാരം കിട്ടിക്കഴിഞ്ഞാൽ ഈ വർഷം അഡ്മിഷൻ നടത്താൻ കഴിയുമോ എന്നാണ് ശ്രമിക്കുന്നത് എല്ലാ സജീകരണങ്ങളും റെഡി ആണെന്നും മന്ത്രി കൂട്ടിച്ചേർത്തു.
