ഹരാരെ: ഇംഗ്ലണ്ടിലെ നിരാശാജനകമായ പര്യടനത്തിന് ശേഷം സിംബാബ്വെക്കെതിരായ ടി20 പരമ്പര 3-0ത്തിന് തൂത്തുവാരിയ ഇന്ത്യയുടെ വിജയം വലിയ ആശ്വാസമാണ് ആരാധകർക്കിടയിൽ ഉണ്ടാക്കിയത്. വിവിഎസ് ലക്ഷ്മണിന്റെ താൽക്കാലിക പരിശീലനത്തിന് കീഴിൽ യുവതാരങ്ങൾ മികച്ച പ്രകടനം പുറത്തെടുത്തതോടെ, പരിശീലകനായ ഗൗതം ഗംഭീറിന് പകരം ലക്ഷ്മണിനെ സ്ഥിരം മുഖ്യ പരിശീലകനാക്കണമെന്ന് ആവശ്യപ്പെട്ട് സോഷ്യൽ മീഡിയയിൽ പ്രചാരണങ്ങളും മീമുകളും സജീവമായിരുന്നു. ഇംഗ്ലണ്ട് പര്യടനത്തിന് ശേഷം ഗംഭീറും സീനിയർ കോച്ചിങ് സ്റ്റാഫും എടുത്ത ചെറിയൊരു ഇടവേളയിലാണ് ലക്ഷ്മൺ സിംബാബ്വെയിൽ താൽക്കാലിക പരിശീലകനായി എത്തിയത്. ഹരാരെയിൽ പരമ്പര സ്വന്തമാക്കിയതിന് ശേഷം ബിസിസിഐ പുറത്തുവിട്ട ഡ്രെസ്സിങ് റൂം വീഡിയോ ഈ ചർച്ചകൾക്ക് ആക്കം കൂട്ടിയിരുന്നു. ടീമിന്റെ പ്രകടനത്തെ അഭിനന്ദിച്ചും ക്യാപ്റ്റൻ ശ്രേയസ് അയ്യരുടെ നേതൃത്വപാടത്തെ പ്രശംസിച്ചും ലക്ഷ്മൺ നടത്തിയ വാക്കുകൾ ഏറെ ശ്രദ്ധിക്കപ്പെട്ടു. മോശം തുടക്കത്തിന് ശേഷം ടീമിനെ വിജയത്തിലേക്ക് നയിച്ച ശ്രേയസിനെ ലക്ഷ്മൺ അഭിനന്ദിച്ചപ്പോൾ, ടീമിനെ മുന്നിൽ നിന്ന് നയിച്ചതിന് ശ്രേയസ് അയ്യർ ലക്ഷ്മണിനും സപ്പോർട്ട് സ്റ്റാഫിനും നന്ദി അറിയിക്കുകയും ചെയ്തു.
സോഷ്യൽ മീഡിയയിൽ തനിക്കെതിരെ ഉയർന്ന വരുന്ന ചർച്ചകൾക്കും അഭ്യൂഹങ്ങൾക്കും മത്സരശേഷം നടന്ന വാർത്താസമ്മേളനത്തിൽ ലക്ഷ്മൺ വ്യക്തമായ മറുപടി നൽകി. താൻ താൽക്കാലിക ചുമതല മാത്രമാണ് വഹിക്കുന്നതെന്നും, സീനിയർ ടീമിന്റെ പരമ്പരകൾക്കിടയിലെ ചെറിയൊരു ഇടവേള നികത്താൻ മാത്രമാണ് താൻ എത്തിയതെന്നും ലക്ഷ്മൺ വ്യക്തമാക്കി. ”സീനിയർ ടീമിന്റെ ക്യാപ്റ്റനും മുഖ്യ പരിശീലകനും സപ്പോർട്ട് സ്റ്റാഫും ഇംഗ്ലണ്ടിലെ പരമ്പരയ്ക്ക് ശേഷം ശ്രീലങ്കക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കായി തയ്യാറെടുക്കുകയാണ്. അവർക്ക് ലഭിക്കുന്ന ഏക ഇടവേള ഇതാണ്, അതുകൊണ്ടാണ് ഞാൻ ഈ ചുമതല ഏറ്റെടുത്തത്.” ലക്ഷ്മൺ വ്യക്തമാക്കി.
