പ്രതിഷേധിച്ച വിദ്യാര്‍ത്ഥികള്‍ക്ക് നേരെ തോക്ക് ഉപയോഗിച്ചു; പൊലീസ് ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍

പാറ്റ്‌ന: നീറ്റ് പരീക്ഷയ്‌ക്കെതിരെ രാജ്യവ്യാപകമായി പ്രതിഷേധങ്ങൾ നടന്നിരുന്നു. ബിഹാറിൽ നടന്ന പ്രതിഷേധത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ പൊലീസ് ഉദ്യോഗസ്ഥൻ എകെ 47 തോക്ക് ഉപയോഗിച്ചു. പട്നയിലെ സിവാറില്‍ നടന്ന പ്രതിഷേധത്തിനിടെയായിരുന്നു സംഭവം. ഐസയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. വിഷയത്തില്‍ പൊലീസ് ഉദ്യോഗസ്ഥനെതിരെ നടപടി സ്വീകരിച്ചിരിക്കുകയാണ്. ബിഹാറിലെ പ്രത്യേക അന്വേഷണ സംഘത്തിലെ പൊലീസ് ഉദ്യോഗസ്ഥനായ അഭിഷേക് പട്ടേലിനെയാണ് സസ്‌പെന്‍ഡ് ചെയ്തത്. ഇതിന്റെ ദൃശ്യങ്ങള്‍ അടക്കം പുറത്തു വന്നിട്ടുണ്ട്. ഇയാള്‍ എകെ47 തോക്ക് ഉപയോഗിച്ച് വെടി ഉതിര്‍ക്കുന്നതും പിന്നാലെ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ ആക്രോശിച്ച് പോകുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്.

ആദ്യം ആകാശത്തേക്കും പിന്നാലെ പ്രതിഷേധക്കാര്‍ക്ക് നേരെയും ആറ് റൗണ്ട് വെടിയുതിര്‍ത്തതായാണ് വിവരം. പിന്നാലെ പ്രതിപക്ഷ വിദ്യാര്‍ത്ഥി സംഘടനകള്‍ അടക്കം വലിയ പ്രതിഷേധം ഉയര്‍ത്തിയിരുന്നു. എസ്എഫ്‌ഐ സംസ്ഥാന പ്രസിഡന്റ് കാന്തി കുമാരി അടക്കം ഇപ്പോഴും ജയില്‍ വാസം അനുഭവിക്കുകയാണ്. വലിയ ഗുരുതരമായ ആരോപണമാണ് ഉയര്‍ന്നിരിക്കുന്നത്. സാധാരണ രാജ്യ സുരക്ഷയ്ക്ക് ഭീഷണിയാകുന്ന ഭീകര സേനകളെ അടക്കം നേരിടാന്‍ വേണ്ടി മാത്രമാണ് എകെ47 തോക്ക് ഉപയോഗിക്കാറുള്ളത്. അത് പ്രതിഷേധിച്ച വിദ്യാര്‍ത്ഥികള്‍ക്ക് നേരെ ഉപയോഗിച്ചതില്‍ വലിയ വിമര്‍ശനമാണ് പ്രതിപക്ഷം ഉയര്‍ത്തുന്നത്. പ്രതിഷേധത്തില്‍ വിദ്യാര്‍ത്ഥികള്‍ക്കെതിരെ കേസും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇത് കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ ഉറപ്പിന്റെ ലംഘനമായാണ് വിലയിരുത്തുന്നത്.

സര്‍ക്കാര്‍ നുണകള്‍ പ്രചരിപ്പിക്കുകയാണെന്നും വിദ്യാര്‍ത്ഥികളെ മാരകായുധങ്ങള്‍ ഉപയോഗിച്ച് അടിച്ചമര്‍ത്തുകയാണെന്നും പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി വിമര്‍ശിച്ചു. സിസ്റ്റം കൊലപാതകികളായി മാറുന്നു എന്നായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.പാര്‍ലമെന്റിലേക്ക് വിദ്യാര്‍ത്ഥികള്‍ നടത്തിയ മാര്‍ച്ചില്‍ നേരത്തെ പെല്ലറ്റ് ഗണ്‍ ഉപയോഗിച്ചത് വിവാദമായിരുന്നു. സമരക്കാര്‍ക്ക് നേരെ ഏഴ് റൗണ്ട് വെടിയുതിര്‍ത്തു എന്നായിരുന്നു കണ്ടെത്തല്‍. മൂന്ന് പേര്‍ക്ക് ഇതില്‍ പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. കുറുവടികള്‍ ഉപയോഗിച്ച് പൊലീസ് യൂണിഫോമില്‍ പോലുമല്ലാത്ത ഉദ്യോഗസ്ഥര്‍ വിദ്യാര്‍ത്ഥികളെ മര്‍ദിക്കുന്ന ദൃശ്യങ്ങളും മുമ്പ് പുറത്തു വന്നിരുന്നു. വിഷയം ശക്തമായി ഉയര്‍ത്താനാണ് പ്രതിപക്ഷ തീരുമാനം. സമരത്തെ നേരിടാന്‍ ഇത്തരം മാരകമായ ആയുധങ്ങൾ കൈയ്യില്‍ കരുതിയതെന്തിനെന്ന ചോദ്യവും ഉയരുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *