കുവൈത്ത് സിറ്റി: പാകിസ്താനുമായുള്ള പ്രതിരോധ സഹകരണ കരാറിന് കുവൈത്തിൻറെ ഔദ്യോഗിക അംഗീകാരം. 2023 ജൂണിൽ ഒപ്പുവെച്ച കരാർ ആണ് പ്രത്യേക ഉത്തരവിലൂടെ അംഗീകരിച്ചത്. കരാറിൻറെ വിശദാംശങ്ങൾ ഗസറ്റിൽ പ്രസിദ്ധീകരിക്കുകയും ചെയ്തു. ഇരുരാജ്യങ്ങളുടെയും സൈനിക ബന്ധം ശക്തിപ്പെടുത്തുകയാണ് കരാറിൻറെ ലക്ഷ്യം. സൈനിക പരിശീലനം, രഹസ്യാന്വേഷണ വിവരങ്ങൾ പങ്കിടൽ, പ്രതിരോധ സാങ്കേതികവിദ്യ, ഗവേഷണം, വൈദഗ്ധ്യം കൈമാറൽ, എന്നിവയും കരാറിൻറെ ഭാഗമാണ്. കരാറിലെ വ്യവസ്ഥകൾ നടപ്പാകുന്നുണ്ടോയെന്ന് പരിശോധിക്കാൻ സംയുക്ത സൈനിക സമിതിയുമുണ്ടാകും. പശ്ചിമേഷ്യൻ സംഘർഷം നിലനിൽക്കുന്ന സാഹചര്യത്തിൽ കൂടിയാണ് കരാർ പ്രാബല്യത്തിൽ വരുന്നത്.
പ്രതിരോധ സഹകരണം വർധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ അടുത്തിടെ ഇരു രാജ്യങ്ങളുടെയും ഉന്നത സൈനിക ഉദ്യോഗസ്ഥർ നിരവധി തവണ കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിൻറെ തുടർച്ചയായാണ് കരാറിന് അംഗീകാരം നൽകിയത്. മേഖലയിലെ സംഘർഷാന്തരീക്ഷം അനുദിനം രൂക്ഷമാകുന്ന സാഹചര്യത്തിൽ അന്താരാഷ്ട്ര തലത്തിൽ സുരക്ഷാ പങ്കാളിത്തം വർധിപ്പിക്കലും കരാറിൻറെ ലക്ഷ്യമാണ്. അഞ്ച് വർഷത്തേക്കാണ് കരാർ ഒപ്പുവെച്ചത്. ഇരുരാജ്യങ്ങൾക്കും എതിർപ്പില്ലെങ്കിൽ കരാർ സ്വാഭാവികമായും പുതുക്കപ്പെടും.
