അമേരിക്ക : അമേരിക്കയിലെ ടെക്സാസിൽ മെഡിക്കൽ പഠനത്തിനിടെ ആത്മഹത്യ ചെയ്ത ഇന്ത്യൻ വംശജനായ വിദ്യാർഥിയുടെ മരണവുമായി ബന്ധപ്പെട്ട് സർവകലാശാലയ്ക്കെതിരെ മാതാപിതാക്കൾ നിയമനടപടിക്ക്. സ്ഥാപനത്തിന്റെ നടപടിക്രമങ്ങളിലെ വീഴ്ചകളും വിദ്യാർഥിക്ക് ആവശ്യമായ മാനസിക പിന്തുണ നൽകുന്നതിലുണ്ടായ പരാജയവുമാണ് മകന്റെ മരണത്തിലേക്ക് നയിച്ചെന്നാണ് കുടുംബത്തിന്റെ ആരോപണം. ഇതിന്റെ അടിസ്ഥാനത്തിൽ 3 കോടി ഡോളർ (ഏകദേശം 2,87 കോടി ഇന്ത്യൻ രൂപ ) നഷ്ടപരിഹാരം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചതോടൊപ്പം, സമാന സാഹചര്യങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള നയപരിഷ്കാരങ്ങളും കുടുംബം ആവശ്യപ്പെട്ടെന്നും റിപ്പോർട്ടുകൾ. എൽ പാസോയിലെ ടെക്സസ് ടെക് യൂണിവേഴ്സിറ്റിയിലെ ഹെൽത്ത് സയൻസസ് സെന്ററിലെ മൂന്നാം വർഷ മെഡിക്കൽ വിദ്യാർത്ഥിയായിരുന്ന 24 -കാരൻ വൈഭവ് ദുഗ്ഗൽ 2025 ജൂലൈയിലാണ് തോക്കുപയോഗിച്ച് സ്വയം വെടിവച്ച് ആത്മഹത്യ ചെയ്തത്. വൈഭവിന്റെ മരണത്തിന് ഒരു വർഷത്തിനുശേഷം, സർവകലാശാലയുടെ അച്ചടക്ക പ്രക്രിയയിൽ സുതാര്യതയില്ലെന്നും, അദ്ദേഹത്തിന് അർഹമായ നടപടിക്രമങ്ങൾ നിഷേധിച്ചെന്നും, വിദ്യാർത്ഥിക്ക് ആവശ്യമായ മാനസികാരോഗ്യ സഹായം നൽകുന്നതിൽ സർവകലാശാല പരാജയപ്പെട്ടുവെന്നും ആരോപിച്ച് അദ്ദേഹത്തിന്റെ കുടുംബം ഒരു അഭിഭാഷക കാമ്പയിൻ ആരംഭിച്ചെന്ന് പിടിഐ റിപ്പോർട്ട് ചെയ്യുന്നു.
സർവകലാശാലയ്ക്കെതിരെ 287 കോടി രൂപയുടെ നഷ്ടപരിഹാര ഹർജിയുമായി മാതാപിതാക്കൾ
