ഗ്ലാസ്ഗോ: കോമണ്‍വെല്‍ത്ത് ഗെയിംസ് ട്രാക്ക് ആന്‍ഡ് ഫീല്‍ഡില്‍ പുതിയ ചരിത്രം കുറിച്ച് ഇന്ത്യന്‍ ദീര്‍ഘദൂര ഓട്ടക്കാരന്‍ ഗുല്‍വീര്‍ സിങ്. ഗെയിംസ് ചരിത്രത്തിലാദ്യമായി പുരുഷന്മാരുടെ 10,000 മീറ്റര്‍ മത്സരത്തില്‍ ഇന്ത്യക്കായി മെഡല്‍ നേടുന്ന താരമെന്ന നേട്ടമാണ് ഗുല്‍വീര്‍ സിങ് സ്വന്തമാക്കിയത്. വെള്ളി മെഡല്‍ കരസ്ഥമാക്കിയാണ് താരം ഇന്ത്യന്‍ അത്ലറ്റിക്സിന്റെ ചരിത്രത്തില്‍ ഇടംപിടിച്ചത്.27 മിനിറ്റ് 49.78 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്താണ് ഗുല്‍വീര്‍ രണ്ടാമതെത്തിയത്. മത്സരത്തിലുടനീളം മുന്നിട്ടുനിന്ന പരമ്പരാഗത കരുത്തരായ ആഫ്രിക്കന്‍ അത്ലറ്റുകളുടെ ശക്തമായ വെല്ലുവിളിയെ അതിജീവിച്ചായിരുന്നു ഗുല്‍വീറിന്റെ മുന്നേറ്റം.
അവസാന ലാപ്പില്‍ പുറത്തെടുത്ത മികച്ച ഫിനിഷിങ്ങാണ് താരത്തിന് വെള്ളി മെഡല്‍ ഉറപ്പാക്കിയത്. ഓസ്‌ട്രേലിയയുടെ കൈ റോബിന്‍സണ്‍ സ്വര്‍ണം നേടിയപ്പോള്‍, ഐല്‍ ഓഫ് മാന്റെ ഡേവിഡ് മുള്ളാര്‍ക്കി വെങ്കല മെഡല്‍ നേടി.കോമണ്‍വെല്‍ത്ത് ഗെയിംസില്‍ 10,000 മീറ്റര്‍ ഇനത്തില്‍ മുന്‍പ് ഒരു ഇന്ത്യന്‍ താരവും മെഡല്‍ പോഡിയത്തില്‍ എത്തിയിട്ടില്ല. ദേശീയ റെക്കോര്‍ഡ് ഉടമയായ ഗുല്‍വീറിന്റെ ഈ നേട്ടം ഇന്ത്യന്‍ അത്ലറ്റിക്സിന് വലിയൊരു നാഴികക്കല്ലായി മാറി. ഗുല്‍വീറിന്റെ വെള്ളിയോടെ ഗ്ലാസ്ഗോ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയുടെ ആകെ മെഡല്‍ എണ്ണം 12 ആയി ഉയര്‍ന്നു. 2 സ്വര്‍ണ്ണം, 7 വെള്ളി, 3 വെങ്കലം എന്നിവയാണ് ഇന്ത്യയുടെ നേട്ടങ്ങള്‍.
അതേസമയം, ഗ്ലാസ്ഗോ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ചരിത്രനേട്ടം സ്വന്തമാക്കിയ ഗുല്‍വീറിനെ കേന്ദ്ര കായിക മന്ത്രി ഡോ. മന്‍സുഖ് മാണ്ഡവ്യ അഭിനന്ദിച്ചു. കഠിനാധ്വാനവും ശ്രദ്ധയും കൃത്യമായ വേഗതയും സമന്വയിപ്പിച്ചാണ് ഗുല്‍വീര്‍ ഈ അഭിമാന നേട്ടത്തിലേക്ക് കുതിച്ചെത്തിയതെന്ന് മന്ത്രി പറഞ്ഞു. പ്രത്യാശയും നിശ്ചയദാര്‍ഢ്യവും നിറഞ്ഞ ഗുല്‍വീറിന്റെ ഈ പ്രകടനം ഇന്ത്യന്‍ അത്ലറ്റിക്സിന്റെ ചരിത്രത്തില്‍ എന്നും ഓര്‍മ്മിക്കപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ‘പോഡിയത്തിലേക്ക് കുതിച്ചെത്തി! കോമണ്‍വെല്‍ത്ത് ഗെയിംസ് പുരുഷന്മാരുടെ 10,000 മീറ്ററില്‍ ചരിത്രപരമായ വെള്ളി മെഡല്‍ നേടിയ ഗുല്‍വീര്‍ സിങ്ങിന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍. കഠിനാധ്വാനവും അചഞ്ചലമായ ശ്രദ്ധയും കൊണ്ട് ഇന്ത്യയ്ക്ക് വലിയൊരു വിജയമാണ് താങ്കള്‍ സമ്മാനിച്ചിരിക്കുന്നത്.’ -മന്‍സുഖ് മാണ്ഡവ്യ എക്സില്‍ കുറിച്ചു
