ദുബായ്: അന്താരാഷ്ട്ര ടി20 ക്രിക്കറ്റിലെ മിന്നുന്ന തുടക്കത്തിന് പിന്നാലെ ഇന്ത്യന്‍ യുവ ഓപ്പണര്‍ വൈഭവ് സൂര്യവംശിക്ക് ഐസിസി ടി20 ബാറ്റിംഗ് റാങ്കിംഗില്‍ വന്‍ നേട്ടം. സിംബാബ്വെയ്ക്കെതിരായ പരമ്പരയിലെ തകര്‍പ്പന്‍ പ്രകടനത്തിന്റെ കരുത്തില്‍ 230 സ്ഥാനങ്ങള്‍ ഉയര്‍ന്ന് കരിയറിലെ ഏറ്റവും മികച്ച റാങ്കിംഗായ 48-ാം സ്ഥാനത്തേക്കെത്തി വൈഭവ്. ഹരാരെയില്‍ നടന്ന മൂന്ന് മത്സരങ്ങളുള്ള ടി20 പരമ്പരയില്‍ ഇന്ത്യക്കായി മികച്ച പ്രകടനമാണ് 15 കാരനായ താരം കാഴ്ചവെച്ചത്. 50.33 ശരാശരിയില്‍ 151 റണ്‍സ് നേടിയ താരം പരമ്പരയിലെ ഏറ്റവും ഉയര്‍ന്ന റണ്‍വേട്ടക്കാരനായി മാറി.
താരത്തിന്റെ മികവില്‍ സിംബാബ്വെയെ ഇന്ത്യ 3-0ത്തിന് തൂത്തുവാരി. തകര്‍ത്താടിയ സൂര്യവംശി തന്റെ കരിയറിലെ ആദ്യ മാന്‍ ഓഫ് ദി സീരീസ് പുരസ്കാരവും സ്വന്തമാക്കി. പരമ്പരയിലെ ആദ്യ മത്സരത്തില്‍ വെറും 19 പന്തില്‍ അര്‍ധ ശതകം നേടി ഗംഭീര തുടക്കമാണ് താരം നല്‍കിയത്. പരമ്പരയുടെ അവസാന മത്സരത്തിലാകട്ടെ 49 പന്തില്‍ നിന്ന് കരിയറിലെ ഏറ്റവും ഉയര്‍ന്ന സ്കോറായ 81 റണ്‍സും താരം നേടി. ഇതോടെ അന്താരാഷ്ട്ര പുരുഷ ടി20 ക്രിക്കറ്റ് ചരിത്രത്തില്‍ 16 വയസ് തികയുന്നതിന് മുന്‍പ് ഒന്നിലധികം അര്‍ധ ശതകങ്ങള്‍ നേടുന്ന ആദ്യ താരമെന്ന റെക്കോര്‍ഡും സൂര്യവംശി സ്വന്തം പേരിലാക്കി.
